ശിവമോഗ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം പത്തായി

കര്‍ണാടകയിലെ ശിവമോഗയില്‍ ക്രഷര്‍ യൂണിറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പത്ത് കഴിഞ്ഞു. റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷര്‍ യൂണിറ്റില്‍ ഇന്നലെ രാത്രി 10.20 ഓടെയായിരുന്നു അപകടം. ക്രഷര്‍ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ചത്.

കൊല്ലപ്പെട്ടവരില്‍ അധികവും ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി. അപകടം നടന്ന് 15 കിലോ മീറ്റര്‍ ചുറ്റളിവില്‍ കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടമുണ്ടായി. അറുപതു കിലോമീറ്റര്‍ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.

54 ബോക്‌സുകളടങ്ങുന്ന ജലാറ്റിന്‍ സ്റ്റികാണ് ട്രക്കില്‍ കൊണ്ടുപോയത്. അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷി ക്കുകയാണ്. പ്രദേശത്ത് റെയില്‍പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചത്. ഇത്രയധികം സ്‌ഫോടകവസ്തുക്കളെത്തിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.