കുട്ടനാട്ടില്‍ വന്‍ കൃഷിനാശം; പതിനെട്ട് കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്

കുട്ടനാട്ടില്‍ വന്‍ കൃഷിനാശം. കുട്ടനാട്ടില്‍ മാത്രം പതിനെട്ട് കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ചെറുതനയില്‍ 400 ഏക്കര്‍ വരുന്ന തേവരി പാടശേഖരത്ത് മട വീണു. രണ്ടാം കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറയുകയാണെങ്കിലും നദീതീരങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്.

ജലനിരപ്പ് കാര്യമായി കുറയുന്നുണ്ടെന്നത് ആശ്വാസമാണ്. തോട്ടപ്പള്ളിയില്‍ സ്പില്‍വേ വഴി ജലം കടലിലേക്ക് ഒഴുകുന്നുണ്ട്. 40 ഷട്ടറുകളില്‍ 39 എണ്ണവും തുറന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടനാട്ടില്‍ ഇല്ല. കൃഷിനാശം ഉണ്ടായെങ്കിലും കൂടുതല്‍ മടവീഴ്ചക്കു സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍, വെള്ളക്കെട്ട് ഉള്ളതിനാല്‍ കൊയ്ത്തുയന്ത്രം പാടത്തേക്ക് ഇറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവരെ തത്കാലം തിരികെ അയക്കേണ്ട എന്നാണ് തീരുമാനം.