
അഹമ്മബാദ് : ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനിടെ കനത്ത സുരക്ഷാ വീഴ്ച. ‘ഫ്രീ പലസ്തീന്‍’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് മത്സരം നടക്കുന്നതിനിടെ ഒരു ആരാധകന്‍ പിച്ചിലേക്ക് അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്തേയ്ക്ക് കൊണ്ട് പോയി. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 14-ാം ഓവറിനിടെയായിരുന്നു ആരാധകന്‍ അതിക്രമിച്ചു കയറിയത്.
പലസ്തീനില്‍ ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിക്കുക എന്നും ഇയാളുടെ വസ്ത്രത്തില്‍ എഴുതിയിരുന്നു. ഈ സമയം ക്രീസിലുണ്ടായിരുന്ന കോലിയെ ഇയാള്‍ കെട്ടിപ്പിടിച്ചു. ഒട്ടും വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്ത് അഹമ്മദാബാദിലെ ചന്ദ്‌ഖേദ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
‘എന്റെ പേര് ജോണ്‍, ഞാന്‍ ഓസ്‌ട്രേലിയക്കാരനാണ്. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയത്. ഞാന്‍ പലസ്തീനെ അനുകൂലിക്കുന്നു’ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പറഞ്ഞു. അതേസമയം ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റ് നഷ്ടം. അർധ സെഞ്ചറി നേടിയ കെ.എല്‍.രാഹുലും പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി. 44 ഓവറിൽ 7ന് 213 എന്ന നിലയിലാണ് ഇന്ത്യ.
107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സൂര്യകുമാർ യാദവിനൊപ്പം കുൽദീപ് യാദവാണ് ക്രീസിൽ. സൂപ്പർ താരം വിരാട് കോലി അർധ സെഞ്ചറി നേടി പുറത്തായി.