മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദമരുന്നിന് വന്‍ക്ഷാമം; നട്ടം തിരിഞ്ഞ് രോഗികള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിനുള്ള മരുന്നുകള്‍ക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്സിറ്റൈബിന്‍ ഉള്‍പ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. ഗുളികകള്‍ ലഭിക്കാതായതോടെ വന്‍ തുക മുടക്കി പുറമെ നിന്ന് മരുന്ന് വാങ്ങേണ്ട ഗതകേടിലാണ് രോഗികള്‍.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗത്തില്‍ നിത്യേന മുന്നൂറോളം രോഗികള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. കാന്‍സര്‍ രോഗികളില്‍ നല്ലൊരു ശതമാനത്തിനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുളള കാപ്സിറ്റൈബിന്‍ അടക്കമുളള ഗുളികകളുടെ വിതരണം നിലച്ചതോടെ രോഗികള്‍ കടുത്ത പ്രതിസന്ധിയിലാണ്. മരുന്നിന് വരുന്നവരുടെ പേരും ഫോണ്‍ നമ്ബറും വാങ്ങി സ്റ്റോക്ക് വരുമ്ബോള്‍ അറിയിക്കാമെന്ന് മറുപടിയാണ് ഫാര്‍മസി ജീവനക്കാര്‍ നല്‍കുന്നത്.

കീമോ ഇന്‍ജക്ഷന്‍ നല്‍കാന്‍ സാധിക്കാത്ത രോഗികള്‍ക്ക് പകരമായി നല്‍കുന്ന ഗുളികയാണ് കാപ്സിറ്റൈബിന്‍. സ്വകാര്യ ഫാര്‍മസികളില്‍ ഒരു ഗുളികയുടെ വില 50 രൂപ മുതലാണ്. ഒരു ദിവസം മൂന്ന് ഗുളികകള്‍വരെ കഴിക്കേണ്ട രോഗികളുണ്ട്. അതായത് ഒരു മാസത്തേക്ക് ഈ ഗുളികയ്ക്ക് മാത്രമായി അയ്യായിരത്തോളം രൂപയാണ് ചെലവടേണ്ടി വരുന്നത്.

മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്നുളള മരുന്ന് വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഈ വര്‍ഷം1,32,300 കാപ്സിറ്റൈബിന്‍ ഗുളികകള്‍ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 63,400 ഗുളികകള്‍ മാത്രം. അതായത് ആവശ്യപ്പെട്ടതിന്റെ പകുതി പോലും കിട്ടിയില്ലെന്ന് വ്യക്തം. പുതിയ സ്റ്റോക്ക് എന്ന് വരുമെന്ന ചോദ്യത്തിന് ആശുപത്രി അധികൃതര്‍ക്ക് മറുപടിയുമില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ തയ്യാറായില്ല.