മെറിന്‍ മാഞ്ഞു, എരിയുന്ന തിരികള്‍ക്ക് അരികിലുള്ള ചിത്രത്തില്‍ ചുംബിച്ച് നോറ വിളിച്ചപ്പോള്‍ വീട് കണ്ണീര്‍ കടലായി

മോനിപ്പള്ളി: ഒരു കുഞ്ഞിനും ഈ ഗതി വരരുത്. സ്വന്തം അമ്മയുടെ മൃതദേഹം പോലും കാണാനാകാത്ത അവസ്ഥ. സ്വന്തം അച്ഛന്‍ അമ്മയെ ഇല്ലാതാക്കിയത് പോലും അവള്‍ക്ക് അറിയില്ല. അമ്മ ഇനി ഇല്ലെന്ന സത്യവും തിരിച്ചറിയാന്‍ പോലും അവള്‍ക്കായിട്ടില്ല. വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ മധുരങ്ങളുമായി അവധിക്ക് അമ്മ എത്തുന്നതും കാത്തിരിക്കുകയാണ് രണ്ട് വയസുകാരി നോറ. എന്നും ഫോണില്‍ വീഡിയോ കോളിലൂടെ മെറിനെ കണ്ട് ചിരിയും കളിയുമായി സംസാരിച്ചിരുന്ന നോറ ഇപ്പോഴും ഫോണില്‍ അമ്മയുടെ കോളിനായി കാത്തിരിക്കുകയാണ്.

അമ്മേ.. അമ്മേ എന്നു വിളിച്ചു കൊണ്ട് മെറിന്റെ പുന്നാര മുത്ത് നോറ മോനിപ്പളളിയിലെ ഭവനത്തില്‍ വച്ച് മെറിന്റെ ഫോട്ടോയില്‍ മുത്തം കൊടുത്തുകൊണ്ട് വിളിച്ചപ്പോള്‍ വിളികേള്‍ക്കാത്ത ലോകത്തേയ്ക്കു പോയ മെറിന്‍ എല്ലാവരേയും കണ്ണീരിലാഴ്ത്തി. കുഞ്ഞ് മെറിനോട് അവസാനമായി ഒരു വാക്ക് പോലും പറയാതെ മെറിന്‍ യാത്രയായി. കുഞ്ഞ് മെറിന് താങ്ങായും തണലായും അമ്മ മെറിന്‍ ഇനിയില്ല. കടലുകള്‍ക്ക് അപ്പുറത്ത് അമ്മ മറഞ്ഞ് പോകുന്നത് മോനിപ്പള്ളിയിലെ വീട്ടില്‍ ഇരുന്ന് രണ്ട് വയസുകാരി നോറ കണ്ടു.

കത്തിയെരിയുന്ന മെഴുകുതിരകള്‍ക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തില്‍ ചുംബിച്ചപ്പോഴും അവള്‍ക്ക് കാര്യം മനസിലായില്ല. മെറിന്‍ മണ്‍മറഞ്ഞപ്പോള്‍ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും സഹോദരിക്കും മറ്റ് ബന്ധുക്കള്‍ക്കും അത് സഹിക്കാനായില്ല. അമേരിക്കയിലെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കണ്ണുകളും നിറഞ്ഞൊഴുകി.

അമേരിക്കയിലെ റ്റാംപ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലാണ് മെറിന്‍ ജോയിയുടെ(27) സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തെരിയിലാണ് സംസ്‌കാരം. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7.30ന് ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആണ് അവസാനിച്ചത്.

മെറിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതും അന്തിമ ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടില്‍ ഇരുന്ന് അച്ഛന്‍ ജോയി, അമ്മ മേഴ്‌സി, മകള്‍ നോറ എന്നിവരും ബന്ധുക്കളും നിറ കണ്ണുകളോടെ കണ്ടു. സംസ്‌കാര ശുശ്രൂഷകള്‍ക്കു മുന്നോടിയായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിഡിയോ വഴി അനുശോചന സന്ദേശം അറിയിച്ചു. അമേരിക്കയിലെ സംസ്‌കാര ചടങ്ങിനു മുന്‍പ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

ഭര്‍ത്താവ് ഫിലിപ്(നെവിന്‍) ആണ് മെറിനെ കൊലപ്പെടുത്തിയത്. നഴ്‌സായ മെറിന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകാനായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ് നെവിന്‍ മെറിനെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കുത്തിയ ശേഷം കാര്‍ കയറ്റി ഇറക്കുകയായിരുന്നു. 17 പ്രാവശ്യമാണ് നെവിന്‍ മെറിനെ കുത്തിയത്. നെവിനെ പിന്നീട് പോലീസ് പിടികൂടിയിരുന്നു.