മറഡോണയെ പിന്തള്ളി, ലോകകപ്പിൽ പുത്തൻ നേട്ടവുമായി മെസ്സി

ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സത്തിൽ അർജന്റീന 2-1ന് വിജയിച്ചിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തി മത്സരത്തിലെ ആദ്യ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത് മെസ്സിയാണ്. ഓസീസ് പടയ്‌ക്കെതിരായ ഗോൾ നേട്ടത്തോടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോർഡാണ് മെസ്സി മറികടന്നിരിക്കുന്നത്.

ലോകകപ്പിൽ മറഡോണയുടെ ഗോൾ നേട്ടത്തെയാണ് സൂപ്പർ താരം മെസ്സി മറികടന്നിരിക്കുന്നത്. എട്ട് ഗോളുകളാണ് ലോകകപ്പിൽ നിന്ന് മറഡോണ അർജന്റീനയ്ക്കായി നേടിയിട്ടുള്ളത്. ഒമ്പത് ഗോൾ എന്ന നേട്ടത്തോടെയാണ് മെസ്സി മറഡോണയ്ക്ക് മുകളിലെത്തിയത്. 10 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്ട്യൂട്ടയാണ് മെസ്സിക്ക് മുകളിലുള്ളത്.

തന്റെ പ്രൊഫഷണൽ കരിയറിലെ 1000-മത്തെ മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജിലെ മെസ്സിയുടെ ആദ്യ ഗോൾ കൂടിയാണിത്. ആ ലോകകപ്പിൽ ഇതുവരെ മൂന്ന് ഗോളുകളാണ് മെസ്സി അർജന്റീനയ്ക്കായി നേടിയിട്ടുള്ളത്.പ്രീക്വാർട്ടർ പോരാട്ടത്തിൽ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഓസീസ് പടയ്ക്ക് മെസ്സിയുടെ മാജിക്കൽ ഷോട്ടിൽ അടിപതറുകയായിരുന്നു. പിന്നീട് കളം നിറഞ്ഞ് കളിച്ച മെസ്സിയെ പൂട്ടാൻ ഓസീസ് പ്രതിരോധം വിയർക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്. നെതർലൻഡ്‌സുമായാണ് ആൽബിസെലസ്റ്റെകളുടെ ക്വാർട്ടർ പോരാട്ടം. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകർത്തായിരുന്നു ഡച്ച് പടയുടെ ക്വാർട്ടർ പ്രവേശനം.