തൊഴിൽ നഷ്ടമായ യുഎഇ മലയാളി പ്രവാസിക്ക് മഹ്സൂസ് നറുക്കെടുപ്പിലൂടെ കോടി സമ്മാനം

2020 ലെ മഹാമാരിയുടെ കാലത്ത് ചിലി നഷ്ടമായി കഷ്ടതയിലായ മലയാളി പ്രവാസി മഹ്സൂസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്കാണ് മഹാമാരിയുടെ കാലത്ത് തൊഴിൽ നഷ്ടമായത്. അത്തരത്തില്‍ ജോലി നഷ്ടമായ ഒരാളായിരുന്നു യു എ ഇയില്‍ ജോലി ചെയ്യുകയായിരുന്ന മലയാളി പ്രവാസി സുമൈർ. ആറ് വർഷത്തോളമായി യു എ ഇയില്‍ ചെയ്ത് വന്ന ജോലിയായിരുന്നു സുമൈറിനു നഷ്ടമായത്. മഹാമാരിക്കാലത്തെ ജോലി നഷ്ടം സുമൈറിനെ വലിയ തോതില്‍ തന്നെ ബാധിച്ചിരുന്നു.

ഇപ്പോഴിതാ നറുക്കെടുപ്പിലൂടെ കോടീശ്വരനായി മാറിയ കഥയാണ് സുമൈറിന് പറയാനുള്ളത്. ഈ ആഴ്ച നടന്ന മഹ്സൂസ് നറുക്കെടുപ്പാണ് പ്രവാസി യുവാവിനെ കോടീശ്വരനാക്കിയിട്ടുള്ളത്. 36 കാരനായ സുമൈർ ഇപ്പോൾ ഖത്തറിലാണ് ജോലി ചെയ്ത് വരുന്നത്. 2022 മുതൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്. യു എ ഇയിൽ നിന്ന് പോവേണ്ടി വന്നെങ്കിലും 2021 മുതൽ മഹ്‌സൂസിൽ പങ്കെടുക്കുന്നത് സുമൈർ തുടർന്ന് വരുകയായിരുന്നു.

കടലിൽ ജോലിക്ക് പോയി കരയിലേക്ക് മടങ്ങുമ്പോൾ നറുക്കെടുപ്പിൽ പങ്കെടുക്കാൻ എല്ലാ ആഴ്‌ചയുടെയും തുടക്കത്തിൽ തന്റെ മഹ്‌സൂസ് ക്രെഡിറ്റിലേക്ക് 250 ദിർഹം അയാൾ നീക്കിവെക്കുമായിരുന്നു. 126-ാമത്തെ നറുക്കെടുപ്പിലാണ്, ഉറപ്പായ ഒരു ദശലക്ഷം ദിർഹം പ്രതിവാര സമ്മാനം സുമൈറിനെ തേടി എത്തിയത്.

രണ്ടുകോടി ഇരുപത്തി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് സുമൈറിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. ‘സമ്മാനം തികച്ചും എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്ന സമയത്താണ് ഇത് വരുന്നത്. എന്റെ വിജയത്തെക്കുറിച്ച് ഞാൻ ഭാര്യയെ അറിയിച്ചപ്പോൾ, അവൾ ആദ്യം സംശയിച്ചു, പക്ഷേ ഞാൻ അവൾക്ക് എന്റെ മഹ്‌സൂസ് അക്കൗണ്ടിന്റെ സ്‌ക്രീൻഷോട്ട് അയച്ചപ്പോൾ മാത്രമാണ് അവള്‍ക്ക് വിശ്വസിക്കാനായത്,’- സുമൈ പറഞ്ഞു.

തനിക്ക് കിട്ടുന്ന തുകയുടെ 10 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകും. ഖത്തറിലെ മറ്റൊരു ഇന്ത്യൻ പ്രവാസിക്ക് ഏറ്റവും പുതിയ നറുക്കെടുപ്പിൽ റാഫിൾ സമ്മാനം ലഭിച്ചു. മെക്കാനിക്കൽ എഞ്ചിനീയറായ ഷഹബാസാണ് ഒമ്പതാമത്തെ ഉറപ്പുള്ള കോടീശ്വരനായി മാറിയത്. രണ്ട് വർഷമായി അദ്ദേഹം മഹ്‌സൂസിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. പക്ഷെ ആദ്യമായി ഇപ്പോഴാണ് സമ്മാനം കിട്ടുന്നത്.

‘ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം ഓൺലൈനിൽ തത്സമയ നറുക്കെടുപ്പ് കാണുകയായിരുന്നു, സ്ക്രീനിൽ എന്റെ പേര് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി,’ ഷഹബാസ് പറഞ്ഞു. ഇന്നുവരെ, മഹ്‌സൂസ് 42 കോടീശ്വരന്മാരെയാണ് സൃഷ്ടിച്ചത്. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നായി മഹ്സൂസ് ലോട്ടറി മാറിയിട്ടുണ്ട്. നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് 35 ദിർഹത്തിന് ഒരു കുപ്പി മഹ്‌സൂസ് വെള്ളം വാങ്ങാം. ഇതിലൂടെ എല്ലാ ശനിയാഴ്ചയും ഗ്രാൻഡ് ഡ്രോ അടങ്ങുന്ന പ്രതിവാര നറുക്കെടുപ്പിൽ പങ്കെടുക്കാനാവും.