കോവിഡിനോട് രാജ്യം പൊരുതുമ്പോള്‍ സിനിമാ താരങ്ങളടക്കമുള്ള അതിസമ്പന്നര്‍ സ്വകാര്യ ജെറ്റുകളില്‍ രാജ്യം വിടുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ കോവിഡിനൊട് മല്ലിടുമ്പോള്‍ അവര്‍ വളര്‍ത്തിയ സെലിബ്രിറ്റികളും സമ്പന്നരും രായ്ക്ക് രാമാണം നാടുവിടുന്നതായി റിപ്പോര്‍ട്ട്. ഓക്സിജന്‍, ആശുപത്രി ആശുപത്രി കിടക്കകള്‍, മരുന്ന് എന്നിവയുടെ ദൗര്‍ലബ്യംമൂലം മികച്ച ചികിത്സ ലഭിച്ചേക്കില്ലെന്ന ഭീതിയിലാണ് അതിസമ്പന്നര്‍ ലക്ഷങ്ങള്‍ മുടക്കി കുടുംബത്തോടൊപ്പം യൂറോപ്പിലേയ്ക്കും മധ്യേഷ്യയിലേയ്ക്കും കടക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിസമ്പന്നര്‍ സ്വകാര്യ ജെറ്റുകള്‍ വാടകയ്ക്കെടുത്ത് രാജ്യംവിടുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്തു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ യു.കെ, കാനഡ, യുഎഇ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മറ്റുരാജ്യങ്ങളും വൈകാതെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിയന്ത്രണങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളിലേക്ക് അതിസമ്പന്നര്‍മാത്രമല്ല രാജ്യത്തുനിന്ന് പോകുന്നതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി സ്വകാര്യ വിമാന സര്‍വീസ് നടത്തുന്ന ക്ലബ് വണ്‍ എയറിന്റെ സിഇഒ രാജന്‍ മെഹ്റ ബ്ലൂംബര്‍ഗിനോട് പറഞ്ഞു.

പണംമുടക്കാന്‍ കഴിയുന്ന ആര്‍ക്കും സ്വകാര്യവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. മാലി ദ്വീപ് ഉള്‍പ്പടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേയ്ക്കാണ് ബോളീവുഡ് താരങ്ങള്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.നിയന്ത്രണങ്ങള്‍ വരുന്നതിനുതൊട്ടുമുമ്പ് ലണ്ടനിലേയ്ക്കും ദുബായിയിലേയ്ക്കും മാലിദ്വീപിലേയ്ക്കും പോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായിരുന്നതായി ഖത്തര്‍ എയര്‍വെയ്സിന്റെ ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു മെഹ്റ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു