സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജന്‍. ആളുകളെ രക്ഷിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. സംസ്ഥാനത്ത് 428 ക്യാമ്പുകള്‍ തുടങ്ങി. എല്ലാ ജില്ലകളിലും കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. നഷ്ട പരിഹാരം വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ സംസ്ഥാനത്ത് 12എന്‍ഡിആര്‍എഫ് ടീമുണ്ട്. ആര്‍മിയുടെ മൂന്ന് ടീമുണ്ട്. ജനങ്ങള്‍ പരാമവധി ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും നേരത്തെ ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് ജനങ്ങള്‍ പോകരുതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിലും മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും മറുപടി പറയേണ്ട സമയത്ത് പറയാമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അപ്പോള്‍ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ടെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു.