ദാരിദ്ര്യ നിർമ്മാർജനത്തിനു ന്യൂനപക്ഷ സമുദായങ്ങൾ കുടുംബാസൂത്രണ൦ സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജനത്തിനായി ന്യൂനപക്ഷ സമുദായങ്ങൾ മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജനസംഖ്യാ നിയന്ത്രണം ദാരിദ്ര്യ നിർമ്മാർജനത്തിന് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവ് ഭാവിയിൽ ഭൂമിക്ക് വേണ്ടിയുള്ള സംഘർഷങ്ങളിലേക്ക് വരെ എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ വാക്കുകൾ.

ദാരിദ്ര്യം ഇല്ലാതാക്കാൻ മുസ്ലീം സ്ത്രീകളെ ബോധവൽക്കരിക്കുകയും ജനസംഖ്യ നിയന്ത്രിക്കുകയും വേണം. സ്ത്രീകളെ പഠിപ്പിക്കാനും ദാരിദ്ര്യം കുറയ്ക്കാനും സർക്കാർ ഇവിടെയുണ്ട്. എങ്കിലും, ജനസംഖ്യ നിയന്ത്രിച്ചില്ലെങ്കിൽ ദാരിദ്ര്യം ഒരിക്കലും കുറയുകയില്ല, മുഖ്യമന്ത്രി പറഞ്ഞു .

പല സ്ഥലങ്ങളിലും ജനങ്ങൾ അനധികൃതമായി കുടിയേറിപ്പാർക്കാൻ കാരണം ജനസംഖ്യാ വർദ്ധനാവാണ്. ചില സ്ഥലങ്ങളിൽ നടത്തിയ കുടിയൊഴിപ്പിക്കൽ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കൈയ്യേറിയ ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവരെ സർക്കാർ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ അസമിൽ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ആളുകൾക്ക് താമസിക്കാനുള്ള ഇടം ആവശ്യമാണ്. വനങ്ങളിലും ക്ഷേത്രങ്ങളിലും സത്രങ്ങളിലും ജനങ്ങളോട് താമസിക്കാൻ പറയാനാകില്ല ”അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളോടും ഇത്തരം കാര്യങ്ങളിൽ ജനങ്ങൾക്ക് ബോധവൽക്കരണം നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു . അസമിലെ 3.30 കോടി ജനസംഖ്യയുടെ 33% വും മുസ്ലീങ്ങളാണ് .