ന്യൂനപക്ഷ ആനൂകൂല്യങ്ങൾ: ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കായുള്ള 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്‌സ് സഭ. ന്യൂനപക്ഷങ്ങൾക്കുള്ള ആനൂകൂല്യങ്ങളുടെ വിതരണത്തിൽ തുല്യത ഉറപ്പുവരുത്താൻ വിധി കാരണമാകുമെന്ന് സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌ക്കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു.

ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാനായി ജസ്റ്റിസ് ബെഞ്ചമിൻ കോശി അദ്ധ്യക്ഷനായി കമ്മീഷനെ നിയമിച്ച നടപടിയും സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു. ന്യൂനപക്ഷങ്ങൾക്കായുള്ള ആനുകൂല്യങ്ങൾ സന്തുലനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് നിലവിലുള്ള 80:20 എന്ന ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കായുള്ള അനുപാതരീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത്. 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം ബാക്കിയുളളവർക്കും എന്നതായിരുന്നു നിലവിലുള്ള അനുപാതം.