മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകുന്നു

വയനാട്. മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകുന്നു. ആന ഉള്‍ക്കാട്ടിലായതിനാല്‍ മയക്കുവെടി വെക്കാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ആനയെ മണ്ണുണ്ടി വനമേഖലയില്‍ നിന്നും വെടിവെക്കാന്‍ സാധിക്കില്ലെന്നും ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുകയാണെന്നും ദൗത്യസംഘം പറഞ്ഞു.

മയക്കുവെടിവെക്കാന്‍ ദൗത്യസംഘം ആനയ്ക്ക് അടുത്തേക്ക് എത്തുമ്പോള്‍ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ദൗത്യം ചൊവ്വാഴ്ചയും തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയില്‍ ആനയെ കണ്ടെത്തിയെന്നാണ് തിങ്കളാഴ്ച രാവിലെ പുറത്തുവന്ന വിവരം.

വനംവകുപ്പില്‍ നിന്നും 15 സംഘങ്ങളും പോലീസില്‍ നിന്നും മൂന്ന് സംഘവുമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ആനയെ കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് നീക്കം. ഞായറാഴ്ച ആനയെ കണ്ടാത്താന്‍ കഴിയാതെ വന്നതോടെ ദൗത്യ സംഘം മടങ്ങിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.