മുഖ്യമന്ത്രിയുടെ വാദം തള്ളി എം എം മണി; മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയില്‍

ഇടുക്കി ∙ മുല്ലപ്പെരിയാര്‍ അണക്കെട്ടു സുരക്ഷിതമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ എം.എം.മണി എംഎല്‍എ. മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലെന്നും ഇടുക്കിയുടെ മുകളിലുള്ള ജലബോംബാണ് അണക്കെട്ടെന്നും മണി പറഞ്ഞു.

ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ മണിയുടെ പ്രസംഗത്തില്‍നിന്ന്: ”ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കും. ഇടുക്കി ജില്ല ബാക്കി കാണില്ല.

ശര്‍ക്കരയും ചുണ്ണാമ്ബും സുര്‍ക്കിയും ഉപയോഗിച്ച്‌ നിര്‍മിച്ച ഡാമിന്റെ അകം പൊള്ളയാണ്. മന്ത്രിമാരുടെ ഒപ്പം ഡാമില്‍ പോയ സമയത്ത് ഇതു നേരിട്ട‌ു മനസ്സിലായ കാര്യമാണ്. സിമന്റും കമ്ബിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോ എന്നറിയാന്‍ ഇനിയും തുരന്നു നോക്കുന്നത് വിഡ‍്ഢിത്തമാണ്. നമുക്ക് സുരക്ഷ വേണം. പുതിയ ഡാമാണു വേണ്ടത്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ വിഷയം തീരും.” മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും മണി ആഹ്വാനം ചെയ്തു.