നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ ശ്രമം; ഉറിയിൽ നെറ്റ്‌വർക്ക് സേവനങ്ങൾ നിർത്തലാക്കി

കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപമുള്ള ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് നെറ്റ്‌വർക്ക് സേവനങ്ങൾ നിർത്തലാക്കി. ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞു കയറാൻ ശ്രമിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ, ഇന്റർനെറ്റ് സേവനങ്ങളാണ് ഉറിസെക്ടറിൽ പൂർണമായും നിർത്തലാക്കിയത്.

ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാർ മടങ്ങിപോകാനുള്ള സാധ്യതയും സുരക്ഷാ സൈന്യം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 30 മണിക്കൂറായി ഓപ്പറേഷൻ പുരോഗമിക്കുകയാണ്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ ഇവരെ കണ്ടെത്താനുള്ള പരിശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇക്കൊല്ലം രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. എന്നാൽ ഇതിനിടെ കശ്മീർ അതിർത്തിയിൽ മറ്റ് വെടിനിർത്തൽ ലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.