മുന്‍ മിസ് കേരള ജേതാക്കളുടെ മരണ൦: മോഡലുകളുടെ പിന്നാലെ ഓഡി കാർ വിട്ടത് താൻ; ഹോട്ടലുടമയുടെ മൊഴി പുറത്ത്

മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടയിൽ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. മോഡലുകളെ നിരീക്ഷിക്കാൻ ഓഡി കാർ ഡ്രൈവർ സൈജുവിനെ വിട്ടത് താനാണെന്ന് റോയ് മൊഴിയിൽ വ്യക്തമാക്കി. മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ നിരസിച്ചു. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു. സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്നും ഹോട്ടലുടമയുടെ മൊഴിയിൽ പറയുന്നു. നവംബർ ഒന്നിനാണ് ഹാൻഡ് ഡിസ്ക് മാറ്റിയതെന്നും മൊഴിയിലുണ്ട്.

അതേസമയം ഫോർട്ട് കൊച്ചിയിലെ ഹോട്ടലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് എക്സൈസ്. നമ്പർ 18 ഹോട്ടലിലെ ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴിയെടുക്കും. അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നല്കാൻ എക്സൈസ് കമ്മിഷൻ നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിരുന്നു. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു . കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തിയിരുന്നു.