സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അംഗീകരിക്കാത്തവര്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നതില്‍ അഭിമാനിക്കുന്നു; മമതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ മടിക്കുന്ന മമത പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പേര് പറയുന്നത് അഭിമാനമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ബങ്കുരയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദീദി ഇപ്പോള്‍ വളരെ ആശങ്കാകുലയാണ്. എനിക്ക് നേരെ കല്ലെറിയുന്നതിനെക്കുറിച്ചും എന്നെ തല്ലുന്നതിനെ കുറിച്ചുമെല്ലാമാണ് അവരിപ്പോള്‍ സംസാരിക്കുന്നത്. ഇതിപ്പോള്‍ എനിക്ക് ശീലമായി. നിങ്ങളുടെ ശകാരങ്ങളില്‍ നിന്നും എനിക്ക് പ്രതിരോധ ശേഷി ലഭിച്ചിരിക്കുകയാണെന്നും’ മോദി പറഞ്ഞു. ജനാധിപത്യം മോദിയുടെ കരണത്തടിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ദീദി നമ്മുടെ രാജ്യത്തെ ഭരണഘടനയെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ തയാറല്ലെന്ന് അവര്‍ പരസ്യമായി പറഞ്ഞു. അതേസമയം പാകിസ്ഥാന്റെ പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നതില്‍ അവര്‍ അഭിമാനം കൊളളുകയാണ്. ബിജെപിയുടെ റാലി തടസ്സപ്പെടുത്തുന്നതിനായി തൃണമൂല്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. പക്ഷേ നിങ്ങളുടെ അനുഗ്രഹം എന്നോടൊപ്പമുണ്ടെങ്കില്‍ ഇവിടെ വരുന്നതില്‍ എന്നെ ആര്‍ക്കും തടയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.