രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി മോദി; തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ ഇപ്പോഴും മുക്തരായിട്ടില്ല , അതാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണം

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി മോദി. വയനാട് സന്ദര്‍ശന സമയത്താണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പോരാടുന്നത് വിഷത്തിനെതിരെയാണെന്നും മോദി രാജ്യത്തെ വിഭജിക്കാന്‍ വിഷം ചീറ്റുകയാണെന്നുമുള്ള രാഹുലിന്റെ വിമര്‍ശനത്തിനെതിരെയാണ് മോദി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ നിന്നും ചിലര്‍ ഇപ്പോഴും മുക്തരായിട്ടില്ലെന്നും അതാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്നുമായിരുന്നു മോദി പറഞ്ഞത്.ഇതാണ് അവരുടെ ഏറ്റവും വലിയ കുഴപ്പം.

തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഞങ്ങളെ സംബന്ധിച്ച് അത് കഴിഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ഇനി ഞങ്ങളുടെ പുതിയ ലക്ഷ്യം. എന്നാല്‍ ചിലര്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ‘- മോദി പറഞ്ഞു.”ഞങ്ങള്‍ക്ക് ലഭിച്ച വലിയ ഭൂരിപക്ഷം നോക്കൂ, അവര്‍ പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു ഇത്. മോദി എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുകയാണ് ഇവര്‍. ഇന്ത്യയുടെ ഏറ്റവും നല്ല അവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. തിളക്കമാര്‍ന്ന ഇന്ത്യയെ ഇനി ഞങ്ങള്‍ പടുത്തുയര്‍ത്തും. സബ്കാ സാത്ത് സബ്കാ വികാസ് അത് തന്നെയാണ് ഞങ്ങളുടെ മുദ്രാവാക്യം. പാര്‍ട്ടിയെയല്ല രാജ്യത്തെയാണ് വളര്‍ത്താന്‍ ഉദ്ദേശിക്കുന്നത്”- മോദി പറഞ്ഞു.

ദേശീയതലത്തില്‍ നമ്മള്‍ പോരാടുന്നത് വിഷത്തിനെതിരെയാണെന്നും നരേന്ദ്രമോദി വിഷം ഉപയോഗിക്കുമ്പോള്‍ താന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോദി കള്ളം പറയുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.