സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാടായി’ ചിത്രീകരിക്കാന്‍ ശ്രമം; പ്രിയങ്കയ്ക്ക് മോദിയുടെ ട്രോള്‍

ബിക്കാനേര്‍: സ്വാതന്ത്ര്യം ലഭിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ‘പാമ്പാട്ടികളുടെ നാടായി’ ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പാമ്പുകളെ കയ്യിലെടുത്തത് വാര്‍ത്തയായ സാഹചര്യത്തിലാണ് പ്രിയങ്കയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചത്.

‘ഒരു കാലത്ത് കോണ്‍ഗ്രസ് വിദേശത്തു നിന്നെത്തുന്നവരെ പാമ്പാട്ടികളെക്കൊണ്ട് രസിപ്പിച്ചിരുന്നു.അന്ന് ഇന്ത്യ പാമ്പാട്ടികളുടെയും മാജിക്കുകാരുടേയും രാജ്യമാണെന്നാണ് വിദേശികള്‍ വിശ്വസിച്ചിരുന്നത്’. പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ ഇന്ന് വിവര സാങ്കേതിക വിദ്യയില്‍ ഏറെ മുന്നേറിയിരിക്കുകയാണെന്നും പാമ്പിന് പകരം മൗസും കംപ്യൂട്ടറുമാണ് ആളുകളുടെ കയ്യില്‍ ഇന്ന് ഉള്ളതെന്നും രാജസ്ഥാനിലെ ബിക്കാനേറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.