മുണ്ടുടുത്ത് കേരളീയ വേഷത്തില്‍ മോദി ഗുരുവായൂരില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയ മോദിയെ ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിഐജി എസ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

രാവിലെ 10.18 ഓടെ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, വി മുരളീധരന്‍, ഗവര്‍ണര്‍ പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ക്ഷേത്രകവാടത്തില്‍ വെച്ച് പ്രധാനമന്ത്രിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

ദര്‍ശനത്തിനുശേഷം താമരമൊട്ടുകൊണ്ടുള്ള തുലാഭാരം. മുഴുക്കാപ്പ് കളഭം, അഹസ്, നെയ്വിളക്ക്, അപ്പം, അട, അവില്‍ തൃമധുരം, കദളിപ്പഴ സമര്‍പ്പണം, ഉണ്ടമാല, അഴല്‍ എന്നിവയാണ് മറ്റു വഴിപാടുകള്‍. ഗുരുവായൂരിലെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് ബിജെപി സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദന്‍ സമ്മേളനം ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.40 ന് നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അദ്ദേഹം രണ്ടിനു വിമാന മാര്‍ഗം ഡല്‍ഹിക്ക് മടങ്ങും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഗുരുവായൂരില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1500 ഓളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇന്നു രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂനംമൂച്ചി മുതല്‍ മഞ്ജുളാല്‍ വരെയും ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളിലും വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാവിലെ ഒമ്ബത് മുതല്‍ 12 വരെ ക്ഷേത്രദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും.