പ്രചാരണത്തിലെ താരം മോദി.. ഉയര്‍ന്ന ചൂടിനെ നേരിട്ട് മോദി നടത്തിയ പ്രചാരണത്തില്‍ മറ്റ് നേതാക്കള്‍ക്ക് അസൂയ; പ്രചാരണത്തിനായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍

മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പിന്നിലാക്കി മോദി ബഹുദൂരം മുന്നിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയതെന്നും മോദിക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

മാര്‍ച്ച് 10നാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളില്‍ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ തുടങ്ങി മധ്യപ്രദേശിലെ ഖര്‍ഗോണില്‍ പ്രചാരണം അവസാനിപ്പിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ പതിനായിരത്തോളം മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.. മോദി തന്നെയാണ് ഇത്തവണയും തിരഞ്ഞെടുപ്പിലെയും താരം എന്നാണ് ബിജെപ്പിക്കാരുടെ അവകാശവാദം