തിരഞ്ഞെടുപ്പ് ജയിച്ചു.. ട്വിറ്ററില്‍ ഇനി ‘കാവല്‍ക്കാരന്‍’ നരേന്ദ്ര മോദിയില്ല

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ട്വിറ്ററിലെ പേരുകള്‍ക്കൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പായതോടെ ട്വിറ്ററിലെ ചൗക്കിദാര്‍ എന്ന വിശേഷണം എടുത്ത് മാറ്റിയിരിക്കുകയാണ് നരേന്ദ്ര മോദി. കാവല്‍ക്കാരന്‍ എന്ന വിശേഷണത്തെ അടുത്ത തലത്തിലേക്കെത്തിക്കേണ്ട സമയമാണിതെന്ന കുറിപ്പോടെയാണ് വിശേഷണ0 എടുത്ത് മാറ്റുന്ന വിവരം മോദി അറിയിച്ചത്. കാവല്‍ക്കാരന്‍ എന്ന വിശേഷണത്തെ ട്വിറ്ററില്‍ നിന്നും മാത്രമാണ് എടുത്ത് മാറ്റുന്നതെന്നും ഇത് തന്റെ അവിഭാജ്യ ഘടകമായി അവശേഷിക്കുമെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കി.

‘മേം ഭി ചൗക്കിദാര്‍’ (ഞാനും കാവല്‍ക്കാരനാണ്) എന്ന പേരില്‍ ബിജെപി ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായായിരുന്നു മോദി ഉള്‍പ്പെട്ട നേതാക്കള്‍ പേരില്‍ മാറ്റം വരുത്തിയത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ട്വിറ്ററില്‍ പേരുകള്‍ മാറ്റിയിരുന്നു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിരന്തരം ഉയര്‍ത്തിയിരുന്ന മുദ്രാവാക്യമാണ് ‘ചൗക്കിദാര്‍ ചോര്‍ ഹൈ’ എന്നത്.