മോദിയെ സ്വീകരിക്കാന്‍ ഗുരുവായൂര്‍ ഒരുങ്ങിക്കഴിഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തുന്നു. പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെ, അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിനു സമീപം ഹെലിപാഡ് നിര്‍മാണം ആരംഭിച്ചു. കലക്ടര്‍ ടി.വി. അനുപമ, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു

.ഗ്രൗണ്ടിനു കിഴക്ക് ഉയര്‍ന്ന സ്ഥലത്ത് എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ പരീക്ഷണാര്‍ഥം ഇറക്കി. ഇവിടെ ദേവസ്വത്തിന്റെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും എന്‍ജിനീയര്‍മാര്‍ ഹെലിപാഡ് നിര്‍മാണം ആരംഭിച്ചു. ഒരേസമയം 3 ഹെലികോപ്ടറുകള്‍ക്ക് ഇറങ്ങാം. ചെങ്കല്ലുള്ള ഉറച്ച സ്ഥലമായതിനാല്‍ വെള്ളക്കെട്ടിന്റെ പ്രശ്നമില്ല.

സ്ഥലം നേരത്തെ നിരപ്പാക്കിയിരുന്നു. ടാറിങ്ങാണു ബാക്കിയുള്ളത്. മുകളിലെ വൈദ്യുതി ലൈന്‍ അഴിച്ചുമാറ്റി യുജി കേബിളാക്കാന്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. കോളജ് മുതല്‍ ചൂണ്ടല്‍ -ഗുരുവായൂര്‍ റോഡു വരെ ടാറിങ്ങും നടത്തണം. ശ്രീകൃഷ്ണ കോളജിന്റെ കളിസ്ഥലമാണു മുന്‍പ് ഹെലിപാഡായി ഉപയോഗിക്കാറുള്ളത്. കളിസ്ഥലം കേടുവരിക പതിവാണ്.

കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വന്നപ്പോള്‍ മഴ കാരണം ഹെലിപാഡില്‍ വെള്ളം കയറി. മോട്ടോര്‍ വച്ച് വെള്ളം വറ്റിച്ചെങ്കിലും ഉപയോഗിക്കാനായില്ല. രാഷ്ട്രപതി കുട്ടനെല്ലൂര്‍ ഹെലിപാഡിലിറങ്ങി റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. തിരിച്ചുപോയത് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ നിന്നും. പുതിയ ഹെലിപാഡ് നിര്‍മിക്കാന്‍ അന്ന് ദേവസ്വം തീരുമാനമെടുത്തതായിരുന്നു.