വീരജവാന്മാരുടെ കരങ്ങളിൽ രാജ്യം സുരക്ഷിതമാണ്, സൈന്യത്തെ വാഴ്ത്തി മോദി

ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ മലനിരകളേക്കാള്‍ ഉയരത്തിലാണ് നമ്മുടെ സൈനികരുടെ ധീരതയെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ ധൈര്യമാണ് നമ്മുടെ ശക്തി, രാജ്യം മുഴുവന്‍ സൈനികരില്‍ വിശ്വസിക്കുന്നു. ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്, നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നുവെന്നും മോദി പറഞ്ഞു.

ഗല്‍വാനില്‍ വീരമൃത്യു വരിച്ച പതിനാല് പേരെക്കുറിച്ച് രാജ്യം മുഴുവനും സംസാരിക്കുന്നു. അവരുടെ ധീരതയും ശൗര്യവും ഓരോ വീടുകളിലും ചര്‍ച്ചയാവുന്നു. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് മുന്‍കൂട്ടി അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിച്ചത്. ലേയിലെ സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ലേയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിമുവിലെ സൈനിക പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. അവിടെ വെച്ച് കര, വ്യോമ, ഐടിബിപി സേനകളെ ഒരുമിച്ച് പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും കരസേനാ മേധാവി എം.എം.നരവനെയും ഒപ്പമുണ്ട്.