നരേന്ദ്രമോദി ഹൂസ്റ്റനില്‍ കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തി

ഹൂസ്റ്റന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശനത്തിനിടെ ഹൂസ്റ്റനില്‍ കശ്മീരി പണ്ഡിറ്റുകളുമായി കൂടിക്കാഴ്ച നടത്തി. ഒഴാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി ഹൂസ്റ്റനില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. കശ്മീരിലെ നിര്‍ണായ തീരുമാനത്തെ പിന്തുണച്ച സംഘം പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു.

ഇത് കൂടാതെ സിഖ്, ദാവൂദി ബൊഹ്‌റ സമുദായാംഗങ്ങളേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് ദില്ലിയില്‍ നിന്ന് പ്രധാനമന്ത്രി പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ജര്‍മ്മനിയില്‍ രണ്ട് മണിക്കൂര്‍ ചെലവഴിച്ച ശേഷം ഹൂസ്റ്റണിലേക്ക് എത്തുകയായിരുന്നു.

അതേസമയം, അരലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാര്‍ പങ്കെടുക്കുന്ന ഹൗഡി മോദി സംഗമം ഇന്ന് ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുമെന്നത് ശ്രദ്ധേയമാണ്. 600ഓളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെയാണ് ടെക്സാസിലെ ഇന്ത്യന്‍ സമൂഹം പരിപാടി ആസൂത്രണം ചെയ്യുന്നത്.

പ്രാദേശിക സമയം രാവിലെ 9.30 ഓടെ പരിപാടിക്ക് തുടക്കമാകും. 90 മിനിറ്റ് നീണ്ട് നില്‍ക്കുന്ന പരിപാടിയാണ്. ഇന്ത്യ- യുഎസ് ബന്ധത്തിലെ സുപ്രധാന നാഴികല്ലായി ഈ പരിപാടി മാറുമെന്ന് മോദി പറയുന്നു.