മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു മോദിയുടെ അനുസ്മരണം. ‘മുന്‍ പ്രധാന മന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് ചരമ വാര്‍ഷിക ദിനത്തില്‍ ശ്രദ്ധാജ്ഞലി’. എന്ന ഒറ്റവരിയിലായിരുന്നു മോദിയുടെ അനുസ്മരണം.

രാജീവ് ഗാന്ധിയുടെ 28ാം ചരമ വാര്‍ഷികത്തില്‍ സമാധിയിടമായ വീര്‍ഭൂമിയില്‍ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ആദരമര്‍പ്പിക്കാനെത്തി.

1944 ഓഗസ്റ്റ് 20നു ബോംബെയില്‍ ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായാണ് രാജീവ് ഗാന്ധിയുടെ ജനനം. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടവും കൈവരിച്ചു.

1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിലെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് കൊല്ലപ്പെട്ടത്. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരനു നല്‍കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു.

അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജീവ് ഗാന്ധിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച് മോദി രംഗത്തെത്തിയിരുന്നു. ‘രാഹുല്‍ ഗാന്ധിയുടെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് എന്നും മിസ്റ്റര്‍ ക്‌ളീനായിരിക്കാം, എന്നാല്‍, ജീവിതം അവസാനിച്ചപ്പോള്‍ അദ്ദേഹം അഴിമതി നമ്പര്‍ 1 ആയിരുന്നു’, ‘ഇന്ത്യയുടെ യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു’ എന്നിവയായിരുന്നു മോദിയുടെ ആരോപണങ്ങള്‍. മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയും ചെയ്തിരുന്നു.