മോദി ധ്യാനത്തിനിരുന്ന ഗുഹയ്ക്ക് സമീപം പുതിയ ഗുഹ നിര്‍മിക്കാന്‍ ഒരുങ്ങി അധികൃതര്‍

ഉത്തരാഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ നരേന്ദ്ര മോദി ധ്യാനത്തിന് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് കേഥാര്‍നാഥിലെ ഗുഹ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കാവി ഷാള്‍ ചുറ്റി കണ്ണട വെച്ച്‌ ധ്യാനിച്ചിരിക്കുന്ന മോദിയുടെ ചിത്രം വൈറലായതോടെ ഗുഹയും ഫേമസായി. ഇതിന് പിന്നാലെ ടൂറിസ്റ്റുകള്‍ക്കിടയില്‍ വന്‍ ഡിമാഡായിരുന്നു ഗുഹയ്ക്ക്. ഇതോടെ, ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് അധികൃതര്‍ ശ്രമവും തുടങ്ങിയിരുന്നു.

ധ്യാന്‍ കുടിയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുഹയുടെ പേര് മോദി ഗുഹ എന്ന് വരെ മാറ്റക്കഴിഞ്ഞിരുന്നു. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ മോദി ഇരുന്ന ഗുഹയ്ക്ക് സമീപം ഏതാണ്ട് 15 മീറ്റര്‍ മാത്രം വിട്ട് പുതിയ ഗുഹ പണിയാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. മോദി ഗുഹയില്‍ വരുന്നതിന് മുന്‍പ് രണ്ട് ബുക്കിങ് മാത്രമായിരുന്നു തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും എന്നാല്‍ ഗുഹ വാര്‍ത്തകളില്‍ ഇടം നേടിയതോടെ ബുക്കിങ് കുതിച്ചുയര്‍ന്നെന്നും ഡിമാന്‍ഡ് കൂടിയതു കൊണ്ട് തന്നെ പുതിയ ഗുഹ പണിയാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍ ബി.എല്‍ റാണ പറയുന്നത്. അഡ്വാന്‍സ് ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞത്രേ..!!

കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം താരിഫ് 990 ആയി കുറച്ചത്. ഗുഹ വളരെ ഉള്‍പ്രദേശത്ത് ആയതിനാല്‍ ഇപ്പോള്‍ ഒരുസമയം ഒരാളെ മാത്രമാണു ധ്യാനത്തിനുവേണ്ടി അനുവദിക്കുന്നത്.

ഗുഹയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമേ ഗുഹ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഗുഹയുടെ ഉള്ളില്‍ കഴിയാന്‍ സാധിക്കൂ. എന്നാല്‍ എല്ലാവിധ സൗകര്യങ്ങളും ഗുഹയ്ക്കകത്തുണ്ട്. ഫോണ്‍, ഫാന്‍, ബെഡ് എന്നുവേണ്ട വൈ ഫൈ സൗകര്യമടക്കം ധ്യാനത്തിന് വരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട് !. കൂടാതെ, രണ്ടു നേരം ചായ, പ്രാതല്‍, ഉച്ചയൂണ്, അത്താഴം എന്നിവയും ഇവിടെ തന്നെ ലഭിക്കും.

ഗുഹയ്ക്കുള്ളില്‍ ഒറ്റക്ക് കഴിയാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നു ഉറപ്പ് വരുത്തിയ ശേഷമേ ആളുകളെ ഗുഹയിലേക്ക് വിടാറുള്ളൂ. ഗുഹയുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ബെല്‍ മുഴക്കുമ്ബോള്‍ സഹായത്തിനായി പ്രത്യേക സംഘം എത്തുകയും ചെയ്യും