രാജ്യം പോയത് വന്‍ദുരന്തത്തിലേക്ക്, സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് ബിജെപി സര്‍ക്കാര്‍: മോദി

ന്യൂഡല്‍ഹി: താറുമാറായി കിടന്ന സമ്പദ്, വ്യവസ്ഥയെ ചിട്ടപ്പെടുത്താനുളള ശ്രമങ്ങളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ മുന്നോട്ടുളള കുതിപ്പിന് ആവശ്യമായ ശക്തമായ അടിത്തറ പാകിയിട്ടുണ്ട്. 2024ഓടേ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്ബദ് വ്യവസ്ഥ എന്ന ലക്ഷ്യം നിറവേറ്റുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ വ്യവസായികളുടെ സംഘടനയായ അസോചമിന്റെ നൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുളള നടപടികളാണ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വലിയ ലക്ഷ്യങ്ങള്‍ക്ക് രൂപം നല്‍കി അത് നേടിയെടുക്കാനുളള ശ്രമവുമായി മുന്നോട്ടുപോകാന്‍ സാധിക്കുന്നതായി മോദി പറഞ്ഞു. അഞ്ചുവര്‍ഷം മുന്‍പ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എന്‍ഡിഎ സര്‍ക്കാര്‍ സമ്ബദ് വ്യവസ്ഥയെ സുസ്ഥിരമാക്കാനുളള നടപടികള്‍ മാത്രമല്ല സ്വീകരിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കൂടിയാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു. വ്യവസായമേഖലയുടെ ദശാബ്ദങ്ങളായുളള ആവശ്യങ്ങള്‍ നിറവേറ്റാനാണ് ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയതെന്നും മോദി പറഞ്ഞു.

കര്‍ഷകരേയും തൊഴിലാളികളേയും വ്യവസായികളേയും കേള്‍ക്കുന്ന സര്‍ക്കാരാണ് നമ്മുടേത്. സുതാര്യതയും കാര്യക്ഷമതയും നിലനിര്‍ത്തുന്നതിനായി മുഖംനോക്കാതെയുള്ള നികുതിഘടന എന്ന സംവിധാനത്തിലേക്കാണ് ഇനി നമ്മള്‍ നീങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപ തോത് ഏറെ വര്‍ധിച്ചു. എഫ്ഡിഐ എന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ്’, അടുത്തത് ഫസ്റ്റ് ഡെവലപ് ഇന്ത്യ” എന്നതാണെന്നും മോദി പറഞ്ഞു.