ചരിത്രമുറങ്ങുന്ന മണ്ണില്‍ സത്യപ്രതിജ്ഞ നടക്കുന്നത് ഇത് നാലാംതവണ

ചരിത്രമുറങ്ങുന്ന രാഷ്ട്രപതിഭവന്റെ മനോഹരമായ അങ്കണത്തില്‍ ഇത് നാലാംതവണയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. രാഷ്ട്രപതിഭവനിലെ അശോകാ ഹാളിലാണ് സാധാരണയായി സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിനായി രാഷ്ട്രപതിഭവനും പരിസരവും ഒരുങ്ങിക്കഴിഞ്ഞു.

ജവാഹര്‍ലാല്‍ നെഹ്രു മന്ത്രിസഭ, ചന്ദ്രശേഖര്‍ മന്ത്രിസഭ, നരേന്ദ്രമോദിയുടെ ആദ്യമന്ത്രിസഭ എന്നിവയാണ് ഇതിനുമുമ്പ് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതിഭവന്റെ മുറ്റത്ത് ആറായിരത്തോളംപേര്‍ക്ക് ഇരിപ്പിടവും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളുടെ തലവന്‍മാരാണ് ഇക്കുറി സത്യപ്രതിജ്ഞാചടങ്ങിലെ അതിഥികള്‍. ഇവര്‍ക്കൊപ്പം കിര്‍ഗിസ്താന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരും അതിഥികളായുണ്ടാകും.

എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയവര്‍ പങ്കെടുക്കും. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പങ്കെടുക്കില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി രാജ്ഘട്ട്, വാജ്പേയിയുടെ അന്ത്യവിശ്രമസ്ഥലമായ രാഷ്ട്രീയ സ്മൃതിസ്ഥല്‍, ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി.