കഠിനാധ്വാനത്തിനും ത്യാഗത്തിനും നന്ദി; പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരോട് മോദി

പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിനും സഹകരണത്തിനും നന്ദിയെന്നും തന്റെ ലക്ഷ്യം പിഎംഓയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കലായിരുന്നില്ല മറിച്ച് പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

നിങ്ങള്‍ പല പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ടാകും. എന്നാല്‍, നിങ്ങളെ കണ്ട പ്രധാനമന്ത്രി ഞാന്‍ മാത്രമാണ്. ഉദ്യോഗസ്ഥരുടെ ത്യാഗത്തിനും കഠിനാധ്വാനത്തിനും നന്ദി. ഒരിക്കലും ജോലിയുടെ ഭാരം തന്നിലേയ്ക്ക് എത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തന്നെ ഒരിക്കലും ഒറ്റയ്ക്കാകാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല, മോദി വ്യക്തമാക്കി.

തന്റെ ഉള്ളിലെ വിദ്യാര്‍ത്ഥിയെ ഒരിക്കലും മരിക്കാന്‍ അനുവദിക്കാത്തതാണ് തന്റെ വിജയത്തിന്റെ രഹസ്യം. ഉദ്യോഗസ്ഥര്‍ തന്റെ ഗുരുതുല്യരാണ്. അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് സമയം കിട്ടിക്കാണില്ല, മോദി പറഞ്ഞു.