പ്രധാനമന്ത്രിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയത് മലയാളി സ്‌റ്റൈല്‍ പ്രാതല്‍; ഇഡ്ഡലിയും പുട്ടും ഇടിയപ്പവും അടക്കമുള്ള വിഭവങ്ങള്‍

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍ കറി, ബ്രെഡ് റോസ്റ്റ്, ബ്രെഡ് ബട്ടര്‍ ജാം തുടങ്ങിയ വിഭവങ്ങളാണ് ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി രാത്രി ഭക്ഷണം കഴിക്കാന്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രിയിലും ഭക്ഷണം ഒരുക്കിയിരുന്നു. ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍, വെജിറ്റബിള്‍ കറി തുടങ്ങിയ വിഭവങ്ങളാണ് രാത്രിയിലേയ്ക്ക് ഒരുക്കിയിരുന്നത്. പ്രധാനമന്ത്രി സസ്യാഹാരിയാണെന്നത് മുന്‍നിര്‍ത്തിയായിരുന്നു മെനു തയ്യാറാക്കിയത്.

പ്രധാനമന്ത്രിയുടെ സംഘത്തില്‍ 40 പേരാണ് ഉള്ളത്. ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ് ഹൗസ് മാനേജര്‍മാരുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. മുന്‍പ് തിരുവനന്തപുരം, കോഴിക്കോട് ഗസ്റ്റ്ഹൗസുകളില്‍ മോദി താമസിച്ചിട്ടുണ്ടെങ്കിലും എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇതാദ്യമാണ്. മുന്‍പ് കേരളത്തിലെത്തിയപ്പോഴും കേരളീയ ഭക്ഷണമായിരുന്നു മോദിയ്ക്ക് ഒരുക്കിയിരുന്നത്. രാവിലെ വ്യായാമത്തിനും അദ്ദേഹത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.