സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അമ്മ ഹീരാബെനിനെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് പോകുന്നത്. നാളെ വാരാണസിയിലെത്തി കാശി നാഥന്റെ അനുഗ്രഹം തേടി ,ഗംഗാ ആരതിയിലും പങ്കെടുത്ത ശേഷമാകും മോദിയുടെ സത്യപ്രതിജ്ഞ .ഇന്നലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദിയെ രാഷ്ട്രപതി ക്ഷണിച്ചിരുന്നു. മോദിയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിക്കുകയും ചെയ്തു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടിരുന്നു. പുതിയ ഇന്ത്യയുടെ തുടക്കമാണിതെന്നും ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വത നേടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളേയും എന്‍ഡിഎ മറികടന്നു. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കിയിരുന്നു.