തമിഴ്‌നാടിന് വണക്കം; അമേരിക്കയിലും തമിഴ് സംസാരിച്ചെന്ന് മോദി

മദ്രാസ് ഐഐടിയുടെ 56ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ പങ്കെടുത്തുന്നതിന് പ്രധാനമന്ത്രി മോദി ചെന്നൈയില്‍ എത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ പറഞ്ഞ വാക്കുകള്‍ അമേരിക്കയില്‍ തമിഴിനെ ചര്‍ച്ചാ വിഷയമാക്കിയെന്ന് മോദി പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ താന്‍ തമിഴില്‍ അല്‍പം സംസാരിച്ചു. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളില്‍ ഒന്നാണ് തമിഴെന്ന് ഞാന്‍ ലോകത്തോട് പറഞ്ഞു. അതോടെ തമിഴ് ഭാഷ അമേരിക്കയിലെ ചര്‍ച്ചാ വിഷയമായി, മോദി ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭാ പൊതു സമ്മേളനത്തില്‍ സംസാരിക്കവേ മോദി സംഘകാല കവി കണിയന്‍ പൂംകുണ്ട്രനാറുടെ വരികള്‍ ഉദ്ധരിച്ച്‌ സംസാരിച്ചിരുന്നു. ലോകത്ത് എല്ലാ ഇടങ്ങളും നമുക്ക് ഒന്നാണ്, എല്ലാവരും നമ്മുടെ സ്വന്തക്കാരുമാണ് എന്ന അര്‍ത്ഥത്തിലുള്ള വരികളാണ് മോദി ഉപയോഗിച്ചത്.

രണ്ടാം വട്ട വിജയ ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ വരുന്നതെന്നും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദിയുണ്ടെന്നും മോദി ഐഐടിയില്‍ സംസാരിക്കവേ പറഞ്ഞു.