ഗുരുവായൂര്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി; കൊച്ചിയും ഗുരുവായൂരും കനത്ത സുരക്ഷാ വലയത്തില്‍

ഗുരുവായൂര്‍ ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബഹ്‌റ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എന്നിവരടക്കം മുപ്പതോളം പേര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.

റോഡ് മാര്‍ഗം എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച രാവിലെ 8.45-ന് ഹെലികോപ്ടറില്‍ ഗുരുവായൂരിലേക്ക് പുറപ്പെടും. 9.45 ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെ ഹെലിപാഡില്‍ ഇറങ്ങുന്ന അദ്ദേഹം 10 മണിക്ക് ദേവസ്വം ബോര്‍ഡിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 10.15 ന് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ശ്രീവത്സത്തിലേക്കോ ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പൊതു പരിപാടിയിലേക്കോ പോകും. 11.25 മുതല്‍ 11.55 വരെയാണ് ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനിയിലെ പൊതുപരിപാടി. 12.45 ശ്രീകൃഷ്ണ കോളേജ് മൈതാനിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ നെടുമ്ബാശേരിയിലേക്കും അവിടെ നിന്നും 1.55 ന് ഡല്‍ഹിയിലേക്കും മടങ്ങും.

കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയിലും ഗുരുവായൂരിലും ഒരിക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഗുരുവായൂരില്‍ ലോഡ്ജുകളില്‍ മുറിയെടുക്കുന്നവരുടെ എല്ലാ വിവരങ്ങളും ശേഖരിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമരപ്പൂവുകൊണ്ട് തുലാഭാരം നടത്തണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. ഒരു ഉരുളി നെയ്യ് മോദി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കും. മുഴുക്കാപ്പ് കളഭച്ചാര്‍ത്ത് വഴിപാടും നടത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.