അത് താനല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു, വൈറലായ ഫോട്ടോയില്‍ ഉള്ളത് കുഞ്ഞുലാല്‍ അല്ല

കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിന്റെ ചെറുപ്പകാലം എന്ന വാദത്തോടെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന് നടന്‍ തന്നെ തിരുത്ത് നല്‍കിയിരിക്കുകയാണ്. ചിത്രം തന്റേതല്ലെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കി. പ്രശസ്ത ഫോട്ടോഗ്രഫറും ലാലിന്റൈ ചിത്രം നിരവധി പ്രാവശ്യം പകര്‍ത്തിയിട്ടുള്ളതുമായ ആര്‍ ഗോപാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കി. ഒരു കുഞ്ഞ് അമ്മയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രചരിച്ചത്. മോഹന്‍ലാലിന്റെ ചെറുപ്പത്തിലുള്ള ചിത്രമാണ് ഇതെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. ചിത്രം കണ്ടപ്പോള്‍ തന്നെ അത് മോഹന്‍ലാല്‍ അല്ലായിരുന്നു എന്ന് മനസ്സിലായെന്ന് ഗോപാലകൃഷ്ണന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ചിത്രത്തിലെ അമ്മയും വ്യത്യാസമുണ്ട്. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടി, ഫോട്ടോ വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്ത് അദ്ദേഹമാണോയെന്ന് ചോദിച്ചു. അത് താനല്ലെന്നും വേറാരോ ആണെന്നും ലാല്‍ മറുപടി നല്‍കി. അദ്ദേഹവുമായുള്ള സ്വകാര്യ വാട്ട്‌സ് ആപ്പ് സന്ദേശം സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യം വരുന്ന ഘട്ടത്തില്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ ചെറുപ്പത്തിലെ ചിത്രമാണിതെന്ന് വിശ്വസിച്ച് നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തത്.

മോഹന്‍ലാലിന്റെ പല കാലഘട്ടങ്ങളിലുള്ള നിരവധി ചിത്രങ്ങളുടെ ശേഖരണത്തിന് ഉടമയാണ് ഗോപാലകൃഷ്ണന്‍. മോഹന്‍ലാലിന്റെ ചെറുപ്പത്തിലെ അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. ചിത്രങ്ങള്‍ താരത്തില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും എല്ലാം ശേഖരിച്ചതാണ്. ആദ്യമായി ഗോപാലകൃഷ്ണന്‍ മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഗോപാലകൃഷ്ണന്‍ തിരുവനന്തപുരത്ത് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ പല കാലങ്ങളിലുള്ള അറുനൂറോളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയത്. രണ്ടുവര്‍ഷത്തിന് ശേഷം ബാലഭവനിലും പ്രദര്‍ശനം സംഘടിപ്പിച്ചു. തുടര്‍ന്ന് 30ാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായിലും എക്‌സിബിഷന്‍ സംഘടിപ്പിച്ചു. എക്‌സിബിഷനുകള്‍ നേരിട്ടുകാണാന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തിരുന്നു.