അയാളുടെ ഭാവിയെക്കുറിച്ച് അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല, പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് താരരാജാവ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. താരം നായകനായി എത്തിയ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ അറുപതാം പിറന്നാള്‍ ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. ഇപ്പോള്‍ മകന്‍ പ്രണവിനെ കുറിച്ചും പ്രണവിന്റെ ഭാവിയെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ഒരു അഭിമുഖത്തില്‍ മകന്‍ പ്രണവിന്റെ ഭാവിയെ കുറിച്ച് ആകാംക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍.

തന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്ന ആളാണ് പ്രണവ് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അയാളുടെ ഭാവിയെക്കുറിച്ച് അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല, മോഹന്‍ലാല്‍ പറയുന്നു. പ്രണവിന്റെ ഇഷ്ടങ്ങള്‍ പുസ്തകങ്ങളും പര്‍വതാരോഹണവുമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

‘പ്രണവിന്റെ ഭാവിയെക്കുറിച്ച് അയാള്‍ക്ക് തന്നെ ആകാംക്ഷയില്ല. പിന്നെയാണോ എനിക്ക്. അപ്പുവിന്റെ ലോകം പുസ്തകവും പര്‍വതാരോഹണവുമാണ്. അതുമായി രസകരമായി ജീവിക്കുന്നു. അതിനിടയില്‍ അയാള്‍ സിനിമയും ആസ്വദിക്കുന്നു. അപ്പു എന്നെ പോലെ ആഗ്രഹങ്ങളില്ലാതെ ജീവിക്കുന്നയാളാണ്’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയാണ് പ്രണവിന്റെ ആദ്യ ചിത്രം. വന്‍ ആഘോഷപൂര്‍വമാണ് മലയാളി സിനിമ പ്രേമികള്‍ ആദിയെ സ്വീകരിച്ചത്. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാന്ം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നത്. പ്രണവിന്റെ മൂന്നാം ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചെന്നൈയില്‍ പൂര്‍ത്തിയായി. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു പ്രണവിന്റെ രണ്ടാം ചിത്രം. ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.