ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മോഹന്‍ലാലിന്റെ നിലപാട് ഇങ്ങനെ

മലയാള സിനിമ ലോകത്തെ പ്രധാന ചര്‍ച്ച വിഷയമാണ് ഷെയ്ന്‍ നിഗമിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക്. എന്നാല്‍ ഷെയ്‌ന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുകയാണ്. ഷെയ്‌നെ വിലക്കിയതിനോട് മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. .

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹന്‍ലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവര്‍ പറയുന്നു.

അതേസമയം ഷെയ്ന്‍ നിഗത്തെ വിലക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ നടന്‍ സലിംകുമാര്‍ രംഗത്തെത്തി. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്.

നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്ന് ഓര്‍ക്കണമെന്ന് സലിംകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

നമസ്‌കാരം.

ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം.

ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക.പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയില്‍ ഒരുപാട് സംഘടനകള്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളില്‍ തന്നെയാണ്.
ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള്‍ സംഘടനാമികവ് എന്ന് പറയുന്നത്.
ഷെയിന്‍ നിഗം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തെറ്റ് തിരുത്താന്‍ അയാള്‍ക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിന് ഇല്ലേ.
നിങ്ങളിപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററില്‍ ആളെക്കൂട്ടുന്നത്.

നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങള്‍ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാല്‍, അതോടെ നമ്മളുടെ കത്തിക്കല്‍ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടില്‍ ക്ഷുദ്രജീവികള്‍ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികള്‍ക്കാണെന്നും ഓര്‍ക്കുമല്ലോ.
സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരില്‍ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നത്. ഷെയിന്‍ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.

എന്ന്,
സലിംകുമാര്‍.