Saturday, April 20, 2024, 01 :54 AM
Home entertainment മോഹൻലാലിന്റെ വിരലുകൾക്ക് എന്തൊരു മിനുസമാണ്‌, എന്റെ ദാരിദ്ര്യം പിടിച്ച വിരലുകൾ അറിയാതെ തൊട്ടപ്പോൾ പൂമ്പാറ്റകൾ വട്ടം...

മോഹൻലാലിന്റെ വിരലുകൾക്ക് എന്തൊരു മിനുസമാണ്‌, എന്റെ ദാരിദ്ര്യം പിടിച്ച വിരലുകൾ അറിയാതെ തൊട്ടപ്പോൾ പൂമ്പാറ്റകൾ വട്ടം പറന്ന പോലെ

ആ മഹാ നടന്റെ മാന്ത്രിക വിരലുകൾ പോലും ആരാധകർക്ക് മാത്രമല്ല സംവിധായകർക്ക് പോലും സ്വർഗീയമാണ്‌. ആ മഹാ നടനൊപ്പം യാത്ര ചെയ്താൽ ഒരു സാമ്രാജ്യത്തിന്റെ അമരത്ത് ഇരുന്ന് യാത്ര ചെയ്യുന്ന അനുഭൂതിയാണ്‌. താരാരാധന എന്നാൽ അതൊരു ലഹരി ആകുമ്പോൾ സഹായങ്ങൾ പറ്റിയവർക്ക് നന്ദിയും പൂജയുമാണ്‌. സംവിധായകൻ‌  അനീഷ് ഉപാസന സിനിമയിലെ തന്റെ തുടക്കത്തിൽ മോഹൻലാലുമായി നടത്തിയ കാർ യാത്രയിലെ ത്രസിപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ്‌. കാറിൽ താര ലോകത്തേ അധിപനും മഹാ രാജാവും. യാത്ര ചെയ്യുന്നത് പുള്ളി പുലിയുടെ ശൗര്യവും തത്തമ്മയുടെ അഴകും ഉള്ള പുത്തൻ ബെൻസ് കാറിൽ. എതിരേ വാഹനങ്ങൾ വരുമ്പോഴും മറ്റ് വാഹനങ്ങൾ വട്ടം ചാടുമ്പോഴും മനസിൽ ചീത്ത വിളിക്കണമെന്നുണ്ട്..
“വണ്ടി വട്ടം വെയ്ക്കാതെ മാറ്റെടാ എന്നൊക്കെ…”
കാരണം അകത്തിരിക്കുന്ന ഐറ്റം വേറെയാണല്ലോ..
അതിന്റെ അഹങ്കാരമായിരുന്നു എനിക്ക്… കാരണം കാറിലിരിക്കുന്ന മഹാരാജന്‌ ഇല്ലാത്ത അഹങ്കാരവും വല്യഭാവവും എനിക്കായിരുന്നു.ഇടയിൽ മോഹൻലാൽ സാർ ഒരു ബാഗിനായി പിറകിൽ നിന്നും മുൻ സീറ്റിലേക്ക് കൈ നീട്ടി. ബാഗെടുത്തുകൊടുക്കുന്നതിനിടയിൽ എന്റെ ദാരിദ്രം പിടിച്ച വിരലുകൾ ലാൽസാറിന്റെ കയ്യിലൊന്ന് തട്ടി. പൂമ്പാറ്റകൾ വീണ്ടും വട്ടമിട്ട് പറന്നു തുടങ്ങി..ഹോ എന്തൊരു മിനുസമാണ് ആ വിരലുകൾക്ക്

അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

തിരക്കുകൾ മറികടന്ന് കൊച്ചിയെ ലക്‌ഷ്യം വെച്ചു ഹൈവേയിലൂടെ പാഞ്ഞുപോകുന്ന ബെൻസ് …അതേസമയം ഗ്യാസ്കുറ്റി ചാരിവെച്ച പോലെ മുൻസീറ്റിൽ ഇരിക്കുന്ന എന്റെ മനസിലൂടെ പായുന്ന ചില വിഷ്വൽസ്..

കൊളപ്പുള്ളി അപ്പനെന്നു വിളിക്കുന്ന തേർഡ്റേറ്റ് ചെറ്റേ..നീയാരാടാ..നാട്ടുരാജാവോ…

ആരാ മോനെ ഈ തെമ്മാടിത്തരമെല്ലാം കാണിച്ചേ നീയാ..ഏത് നായിന്റെ മോനായാലും ശെരി…..

മോള് ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ…

Sir your good name please..!
സാഗർ….ഏലിയാസ്….ജാക്കി…!
With BGM

(ഈ ഡയലോഗെല്ലാം മനസ്സിൽ വെച്ച് ഞാൻ ലാൽസാറിനെ mirror വഴി ഒന്ന് ഒളികണ്ണിട്ട് നോക്കും.ഹോ..എന്റെ പൊന്നേ..അതൊരു അവസ്ഥ തന്നെയായിരുന്നു)

കൊച്ചിയിലേക്കുള്ള ദൂരം എങ്ങനെയെങ്കിലും ഒന്ന് കൂട്ടിത്തന്നാൽ വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ശയനപ്രദക്ഷിണം നടത്താൻ വരെ ഞാൻ തയ്യാറായിരുന്നു

അല്പനേരം കഴിഞ്ഞപ്പോൾ കാറിനുള്ളിൽ ഒരു C D ഓൺ ആയി…
അതിൽ നിന്നും മനോഹരമായ ഗാനങ്ങൾ..
പെട്ടെന്ന് പുറകിൽ നിന്ന് ലാൽസാറിന്റെ ശബ്ദം..

*ഇപ്പൊ ഷൂട്ടിംഗ് നടക്കുന്ന പരദേശിയിലെ പാട്ടുകളാണ്..കേട്ട് നോക്കൂ..
രമേഷ് നാരായൺ ന്റെ മ്യൂസിക്…
നന്നായിട്ടുണ്ടല്ലേ…? (ആരും ഒന്നും മിണ്ടുന്നില്ല…)
മോനോടാ ചോദിച്ചത് ..!
നന്നായിട്ടില്ലേ ??

*ആഹ് സാർ…നന്നായിട്ടുണ്ട്..
(സ്റ്റേഷൻ കട്ട് ആയി കൺപോള പോലും അടക്കാതെ ഇരിക്കുന്ന എനിക്കെന്ത് രമേഷ് നാരായൺ)

*മോനെ…മോന്റെ കഴുത്തെന്താ അങ്ങനെതന്നെ ഇരിക്കുന്നേ..
അത് അനങ്ങില്ലേ..?(ചിരിക്കുന്നു)

*ആഹ്..സാർ..അനങ്ങും..!
(നാണം കെട്ട് പണ്ടാരമടങ്ങിയ നിമിഷം)

*മോന്റെ വീടെവിടെയാ ??

*നീലഗിരി ജില്ലയിലെ ബോർഡറിലാ..
എരുമാട് എന്നാണ് സ്ഥലത്തിന്റെ പേര്…

*ആഹാ..നല്ല സ്ഥലമാണല്ലോ നീലഗിരി..
അയ്യയ്യോ..പേര് ചോദിക്കാൻ മറന്നു..എന്താ മോന്റെ പേര് ??

*അനീഷ് ….അനീഷ് ഉപാസന

*എന്റെ പേര് മോഹൻലാൽ…!
(ആ പേര്പറച്ചിൽ ഞാനാസ്വദിച്ചത് കണ്ണുകൾ മുറുകെ അടച്ചുകൊണ്ടാണ്)

*മോന്റെ പേരിലൊരു പാട്ടുണ്ട്
അറിയാമോ ??
ഉപാസന..ഉപാസനാ…ഇത് ധന്യമാം..
ജയചന്ദ്രൻ പാടിയതാണ്…

*ആഹ്..സാർ…അറിയാം..!
(ആരെങ്കിലും പാടിക്കോട്ടെ സാർ..ഞാൻ മിണ്ടാതെ ഇവിടിരുന്നു കുറച്ചു സ്വപ്നങ്ങള് കാണട്ടെ പ്ളീസ് )

*അനീഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ..?

*അമ്മയും ചേട്ടനും ..!
(എന്റെ മറുപടിയെല്ലാം നൂറേനൂറ് സ്പീഡിലാണ്)

*മോനെ..ആ ബാഗ് ഇങ്ങനെ മടിയിൽത്തന്നെ വെയ്ക്കണ്ട അതിങ്ങു തരു..ഞാൻ പുറകിൽ വെയ്ക്കാം..

(സാർ ബാഗിനായി പുറകിൽ നിന്നും മുന്നിലേക്ക് കൈനീട്ടി..
ബാഗെടുത്തുകൊടുക്കുന്നതിനിടയിൽ എന്റെ ദാരിദ്രം പിടിച്ച വിരലുകൾ ലാൽസാറിന്റെ കയ്യിലൊന്ന് തട്ടി….
നേരത്തേ കണ്ട പൂമ്പാറ്റകൾ വീണ്ടും വട്ടമിട്ട് പറന്നു തുടങ്ങി..ഹോ എന്തൊരു മിനുസമാണ് ആ വിരലുകൾക്ക്…പക്ഷേ ബാഗ് മടിയിൽ നിന്നെടുത്തതും കാല് കിടന്ന് വെറുതെ വിറയ്ക്കാൻ തുടങ്ങി…മനുഷ്യന് സന്തോഷം കൂടിയാലും ശരീരം വിറയ്ക്കുമെന്ന് അന്നാണ് മനസിലായത്..
ആ സമയങ്ങളിലെല്ലാം ലാൽസാർ ഉപാസന എന്ന പാട്ട് മൂളുന്നുണ്ടായിരുന്നു..)

*മോന് പാട്ട് പാടാനറിയാമോ ??
(വായിൽ നിന്നും കാറ്റ് മാത്രം വരുന്ന ഞാനെന്തെടുത്തിട്ട് പാടാൻ ??)

*ഇല്ല സാർ..പാട്ട് ഇഷ്ട്ടാണ്..

*ഇഷ്ടമാണേൽ പാടാൻ പറ്റും..പാടൂ..
(ആഹാ..മടിയിലെ വിറയലിപ്പോ തകൃതിയായി…)

*അനിലേ(ഡ്രൈവർ)AC കുറവാണെന്നു തോന്നുന്നു..
അനീഷ് വിയർക്കുന്നുണ്ട്…

(A C യൊന്നും കൂട്ടിയിട്ടു കാര്യമില്ല ചേട്ടാ..എന്റെ തലപൊട്ടിയാണ് വിയർപ്പു വരുന്നത്

*ഇനി മോൻ പാടിക്കോ…പാട്ട് മോശമായാലും കുഴപ്പമൊന്നുമില്ല.(ചിരിക്കുന്നു)

(കാറ്റ് മാത്രം വെച്ച് പാട്ട് പാടാൻ പറ്റില്ല സാർ എന്ന് പറയണമെന്ന് തോന്നി..പക്ഷെ രണ്ടും കൽപ്പിച്ചു ഞാൻ പാടി…)

*ആയിരം കാതമകലെയാണെങ്കിലും…
മായാതെ മക്കാ മനസ്സിൽ നിൽപ്പു…
ലക്ഷങ്ങളെത്തി….

എന്റെ പാട്ട് ലാൽസാർ ആസ്വദിക്കുന്നുണ്ടെന്ന് mirror ലൂടെ കണ്ടു ഞാൻ മനസിലാക്കി..
അതോടെ എനിക്കല്പം കൂടി ധൈര്യം ലഭിച്ചു..

പാടി കഴിഞ്ഞയുടൻ പുറകിലേ സീറ്റിൽ നിന്നും കയ്യെത്തിച്ചു എനിക്ക് ഷേക്ക് ഹാൻഡ് തന്നു..
ശോ..വീണ്ടും ആ മിനുമിനുത്ത വിരലുകൾ…

*നല്ല ശബ്ദം നന്നായി പാടി…
(അങ്ങിനെ സാറെന്നെ കുറച്ചുകൂടി കംഫർട്ടബ്ൾ ആക്കി..അതിനായിരിക്കാം ഒരു പക്ഷെ ആ പാട്ട്)

പെട്ടെന്നായിരുന്നു എന്റെ ഇടിവെട്ട് ചോദ്യം..

*സാർഒരു പാട്ട് പാടാമോ ??
(സൂചി കയറ്റാൻ കൊടുത്ത സ്ഥലത്തു ഒലക്ക കയറ്റിയ ഞാൻ????)

*അയ്യോ..ഞാനോ..എനിക്കങ്ങനെ പാടാനൊന്നും അറിഞ്ഞുകൂടാ…

*സാറ് സിനിമയിൽ പാടിയതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ടല്ലോ…!!
(എവിടെന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്തു ഞാനല്പം തിരിഞ്ഞിരുന്നു)

*ഹാ ഹാ…അതെല്ലാം ആ സംഗീത സംവിധായകരുടെ മിടുക്കാണ്…
ശെരി നോക്കാം..
പക്ഷേ വരിയൊന്നും എനിക്കറിഞ്ഞുകൂടാ..

*ആഹ് സാർ..

*പാടട്ടേ ..?

*ആഹ്…

(സാർ പാടിത്തുടങ്ങി…)
*റസൂലേ നിൻ കനിവാലേ…
റസൂലേ…റസൂലേ…പാരാകെ പാടുകയായ്….

ലാൽ സാർ പാടിത്തുടങ്ങിയപ്പോൾ ചെറിയ ചാറ്റൽമഴ പൊടിഞ്ഞുതുടങ്ങിയിരുന്നു…
ഹാ…എന്തൊരു സുഖമായിരുന്നു ആ പാട്ട് ലാൽസാറിന്റെ ശബ്ദത്തിൽ കേൾക്കാൻ…

പാട്ട് കഴിയുന്നതിനുമുന്നെ സാറിന്റെ ഫോൺ ബെല്ലടിച്ചു..സാർ പിന്നെ ഫോണിൽ ബിസിയായി..
ഛേയ്..ആരാണാവോ ഈ സമയത്തു വിളിച്ചത്..പാട്ട് നന്നായെന്ന് പറഞ്ഞു ഷേക്ക്ഹാൻഡ് കൊടുക്കാനുള്ള എന്റെ അവസരമാണ് ഇപ്പൊ നഷ്ടപെട്ടത്.

റോഡിൽ കാണുന്ന സകല വണ്ടിക്കാരേം എനിക്ക് ചീത്ത വിളിക്കണമെന്നുണ്ട്..
“വണ്ടി വട്ടം വെയ്ക്കാതെ മാറ്റെടാ എന്നൊക്കെ…”
കാരണം അകത്തിരിക്കുന്ന ഐറ്റം വേറെയാണല്ലോ..
അതിന്റെ അഹങ്കാരമായിരുന്നു എനിക്ക്..
(പുള്ളിക്കില്ലാത്ത അഹങ്കാരമാണ് എനിക്ക് )

ഞാൻ യാത്രചെയ്യുന്നത് മോഹൻലാലിന്റെ കൂടെയാണെന്ന് ബാക്കിയുള്ളവരോട് എങ്ങനെ ഞാൻ പറഞ്ഞു മനസിലാക്കും..?
അതായിരുന്നു എന്റെ അടുത്ത പ്രശ്‍നം..
എന്റെ ഒരു അനിയൻപയ്യനായി കാണുന്ന ഒരു ഡിസൈനർ കൊച്ചിയിലുണ്ട് ..ബിനോയ് കോട്ടക്കൽ..Binoy Kottakkal
അവനൊരു മെസ്സേജ് അയക്കാം..അവൻ എങ്ങനേലും ഇത് പാട്ടാക്കിക്കോളും..എന്തായാലും ഇവിടെയിരുന്ന് ആരേം വിളിക്കാൻ പറ്റില്ലല്ലോ…ലാൽസാർ പുറകിലുണ്ട്..
ഞാൻ അപ്പൊ തന്നെ ബിനോയ്‌ക്ക്‌ മെസ്സേജ് അയച്ചു..!

ഡാ..മോഹൻലാൽ ഉണ്ട് കൂടെ…ഇപ്പോ വിളിക്കാം…പക്ഷേ നീ ഒരക്ഷരം മിണ്ടാതെ ഇരുന്ന് ലാൽസാറിന്റെ ശബ്ദം മാത്രം കേട്ടോണം..ഓക്കേ ?

മോഹൻലാൽ എന്നെ വിളിക്കുവോ..?

ഓഹ് എടാ..മോഹൻലാൽ അല്ലാ..ഞാൻ വിളിക്കും..ശോ..?

ആഹ്..ഓക്കേ..ഓക്കേ..അനീഷേട്ടാ…ഡബിൾ ഓക്കേ !

ഞാൻ ബിനോയ്‌ക്ക്‌ കാൾ ചെയ്തു..
ബെൽ അടിക്കുന്നതിന്റെ മുന്നേ ബിനോയ് കാൾ അറ്റൻഡ് ചെയ്തു..
ലാൽസാറിന്റെ ഫോൺ ചെയ്യുന്ന ശബ്ദം അവൻ കേട്ടുകൊണ്ടേയിരുന്നു..
അവൻ കേട്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ തന്നെ ഫോൺ കട്ട് ചെയ്തു….
ബാക്കി ഇനി അവൻ നോക്കിക്കോളും..

മനുഷ്യനല്ലേ..എന്റെ അത്യാഗ്രഹം വീണ്ടും മൂത്തു..
സഹോദരൻ അനൂപിനെ ഒന്ന് വിളിച്ചു സാറിനോട് ജസ്റ്റ് ഒന്ന് സംസാരിക്കാൻ വേണ്ടി റിക്വസ്റ്റ് ചെയ്താലോ?
(സൂചി കഴിഞ്ഞു ഒലക്കയായിരുന്നു അത് കഴിഞ്ഞപ്പോ ഞാൻ ഉരലെടുത്തു)
പക്ഷേ നാണക്കേടായാലോ??
ആകെ ആശയക്കുഴപ്പത്തിലായി ഞാൻ..
പോയാൽ ഒരു വാക്കല്ലേ..
അവസാനം ധൈര്യം സംഭരിച്ചു..
ഫോണിൽ സംസാരിച്ചു കഴിഞ്ഞ സാറിനോട് ഞാൻ..

*സാറേ..എന്റെ സഹോദരൻ ആണ് അനൂപ്Anoop Upaasana..ഞാൻ ഫോൺ വിളിച്ചുതന്നാൽ സാറൊന്ന് സംസാരിക്കാമോ??

*ഓഹ് അതിനെന്താ ??(ഞാൻ കിടുങ്ങിപ്പോയി)
എന്താ മോനെ അനൂപിന്റെ ജോലി ??

*ചിത്രം വരക്കലും ബോർഡ് എഴുതലൊക്കെയാണ്..നാട്ടിലാ..

*ശെരി..അനൂപിനെ വിളിക്കു….ഞാൻ സംസാരിക്കാം..
(അനൂപിനെ ഞാൻ ഡയല് ചെയ്തു)

*എന്താടാ..?

*(ശബ്ദം താഴ്ത്തി ഞാൻ)
ടാ..ഞാനൊരാൾക്കു ഫോൺ കൊടുക്കാം..നീ ഒന്ന് സംസാരിക്ക്..

*ആഹ് കൊട്..വേഗം കൊട്..ഞാൻ റോട്ടിലു നിൽക്കുവാ..

*സാർ..അനൂപാണ് (ഞാൻ ലാൽസാറിന് നേരെ ഫോൺ നീട്ടി)

ലാൽ സാർ സംസാരിച്ചു തുടങ്ങി…
*അനൂപ് ആണോ ??

*അതേ..

*അനൂപ് എന്താ ചെയ്യുന്നേ..?

*ഞാൻ ആർട്ടിസ്റ്റ് ആണ്..

*ആണോ..ഞാനും ആർട്ടിസ്റ്റ് ആണ്..

*ആണോ..എന്താ പേര്..എവിടെയാ വർക്ക് ചെയ്യുന്നത്‌ ..?

*പേര് മോഹൻലാൽ..ജോലിചെയ്യുന്നത് സിനിമയിൽ..!

(എന്നോട്ടൊരു ചിരിയും..പിന്നെ കുറച്ചു നേരത്തേക്ക് അപ്പുറത്തെ ഭാഗത്തുനിന്നും ഒന്നും കേൾക്കാനുണ്ടായിരുന്നില്ല)

*അനൂപേ..ഹലോ..കേൾക്കാമോ..ഞാൻ മോഹൻലാലാണ്..പറയുന്നത് കേൾക്കാമോ..?

(അവനെനിക്ക് നഷ്ടപ്പെട്ടെന്നാണ് സത്യത്തിൽ ഞാനന്ന് കരുതിയത്..കാരണം അമ്മാതിരി മാസ് ഡയലോഗ് അല്ലെ പുള്ളി ഇവിടന്ന് കാച്ചിയത്)

അനൂപിന്റെ റേഞ്ച് കട്ട് ആയെന്ന് തോന്നുന്നു..(അതും പറഞ്ഞു ലാൽസാർ ഫോണെനിക്ക് തിരിച്ചു തന്നു)

കട്ടായത് അവന്റെ റിലേയാണെന്ന് പിന്നീടാണ് ഞാനറിഞ്ഞത്..

വണ്ടി കൊച്ചിയിലെ പാലാരിവട്ടത്തേക്ക് എത്തിത്തുടങ്ങി..ഗതികേടിനു ഒറ്റ ട്രാഫിക് പോലും റോഡിലില്ല..

*സാർ..എന്നെ പാലാരിവട്ടത്തു വിട്ടാൽ മതി.അവിടുന്നടുത്താണ്..

*ഹേയ്..അതൊന്നും വേണ്ട..അനീഷിന്റെ സ്ഥലത്തേക്ക് കാറ് പോകില്ലേ..?

*ആഹ് പോകും..

*എന്നാപ്പിന്നെ അവിടെയിറങ്ങാം അത് മതി..

(എന്തൊരു സ്നേഹമാണ് ഈ മനുഷ്യന്)

വണ്ടി നേരെ എന്റെ താമസസ്ഥലമായ ആലിൻചുവട്ടിലേക്ക്‌..
എനിക്കാണേൽ ഇറങ്ങാൻ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല..പക്ഷേ ഇറങ്ങണം..ഇറങ്ങിയേ പറ്റൂ..വേറെ വഴിയില്ല…
സാർ ക്യാമറ ബാഗെടുത്തു എന്റെ കയ്യിലേക്ക് തന്നു..

മനസില്ലാ മനസ്സോടെ ബാഗുമായി ഞാൻ കാറിൽ നിന്നുമിറങ്ങി..

ബാക്ക് ഡോറിന്റെ ഗ്ലാസ് അല്പം മാത്രം താഴ്ത്തി കൈവീശി കാണിച്ചുകൊണ്ട് ലാൽസാർ യാത്ര പറഞ്ഞു..

*മോനെ കാണാം ട്ടോ..

*താങ്ക്യൂ സാർ..ഒരു പാട് സന്തോഷം..

സ്വതസിദ്ധമായ പുഞ്ചിരിയും സമ്മാനിച്ച് ലാൽ സാർ കടന്നുപോകുന്നത് കാണാൻ ഒരുപാട് നേരം ഞാനാ റോഡിൽ തന്നെ നിന്നു.. പണ്ടും ഞാനീ റോഡിൽ നിന്നിട്ടുണ്ട്.. ഏതെങ്കിലുമൊരു നടനെയോ സംവിധായകനെയോ ഒരു നോക്കെങ്കിലും കാണാനായി.. ഒരവസരത്തിനായി..

ആഗ്രഹം സത്യമാണെങ്കിൽ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ ദൈവം നമുക്ക്തരും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് എനിക്കെന്റെ ജീവിതം..