ഹലോ മോനെ, ഞാന്‍ മോഹന്‍ലാല്‍ അങ്കിളാണ്, ആ ശബ്ദം കേട്ട് അമ്പരന്ന് വിനായക്

ആദ്യം ആ ശബ്ദം കേട്ടപ്പോള്‍ വിനായക് ഒന്ന് അമ്പരന്നു. എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ അവന് അറിയില്ലായിരുന്നു. ഹലോ മോനെ, ഞാന്‍ മോഹന്‍ലാല്‍ അങ്കിളാണ് എന്നായിരുന്നു മോഹന്‍ലാല്‍ ആദ്യം പറഞ്ഞത്. ഇത് കേട്ടപ്പോള്‍ തന്നെ വിനായക് അമ്പരന്നു. ഒടുവില്‍ ആദ്യം പകച്ച് നിന്നതിന് ഒടുവില്‍ വിനായക് സന്തോഷത്തോടെ സംസാരിച്ചു തുടങ്ങി. സി ബി എസ് ഇ പരീക്ഷയില്‍ മിന്നും ജയത്തില്‍ അഭിനന്ദനം അറിയിക്കുന്നതിനാണ് മലയാളത്തിന്റെ നടന വിസ്മയം വിനായകനെ ഫോണില്‍ വിളിച്ചത്.

വനായകിന്റെ നേട്ടത്തില്‍ ഒരു പാട് സന്തോഷം ഉണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മാത്രമല്ല എന്ത് ആവശ്യം ഉണ്ടെങ്കിലും അറിയിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്താണ് അടുത്ത പദ്ധതിയെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ബികോമിന് ഡല്‍ഹി സര്‍വകലാശാലയില്‍ അപേക്ഷിച്ചിട്ടുണ്ടെന്നായിരുന്നു വിനായകിന്റെ മറുപടി. പഠനത്തിന് വേണ്ട എന്ത് സഹായവും വിശ്വശാന്തി ട്രസ്റ്റ് വഴി നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് മോഹന്‍ലാല് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

സി ബി എസ് ഇ പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം മാര്‍ക്ക് വിനായകാണ് കരസ്ഥമാക്കിയത്. 500 ല്‍ 493 മാര്‍ക്ക്. നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തിലായിരുന്നു വിനായകിന്റെ പഠനം. മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രിയും, സൂപ്പര്‍താരവും എംപിയുമായ സുരേഷ്‌ഗോപിയടക്കമുള്ള പ്രമുഖരും വിനായകിനെ അഭിനന്ദിച്ചിരുന്നു.