ചെന്നൈയിലെ വീട്ടില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍

മലയാളികളുടെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. ഇക്കുറിയും ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം. പോയവര്‍ഷത്തേത് പോലെ തന്നെ ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് മോഹന്‍ലാല്‍ ജന്മദിനം ആഘോഷിക്കുന്നത്. വലിയ ആഘോഷ പരിപാടികള്‍ ഒന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോഹന്‍ലാലിനൊപ്പം ഒത്തുകൂടും.

മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ തമിഴ്‌നാട്ടിലും ഇപ്പോള്‍ ലോക്ഡൗണ്‍ ആണ്. അതിനാല്‍ അധികം ആഘോഷ പരിപാടികള്‍ ഒന്നും തന്നെയില്ല.

അതേസമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ബറോസില്‍ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാല്‍.