‘കുഞ്ഞു മാലാഖമാർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍, അവർക്ക് സമ്മാനങ്ങളും നൽകി

അനാഥാശ്രമത്തിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. ലാലിന്റെ 63-ാം ജന്മദിനം ഹം(HUM) ഫൗണ്ടേഷന്‍ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമായ ഏഞ്ചല്‍സ് ഹട്ടിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ ആഘോഷിച്ചു. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച മോഹന്‍ലാല്‍ കുഞ്ഞുങ്ങള്‍ക്ക് സമ്മാനപ്പൊതികളും നൽകുകയുണ്ടായി.

‘കൊച്ചു മാലാഖമാരുടെ അനുഗ്രഹങ്ങളോടെ ഒരു എളിയ ജന്മദിന ആഘോഷം’ എന്നാണ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങി വരുന്നത്. പുതിയ സിനിമകളുടെ അപ്‌ഡേറ്റ് ഞായറാഴ്ച ഉണ്ടാവും. ‘മലൈകോട്ടൈ വാലിബന്‍’ എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിനായാണ് ആരാധകര്‍ ഇപ്പോൾ കാത്തിരിക്കുന്നത്. രാജസ്ഥാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലാണ് സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ നടക്കുക.

‘എമ്പുരാന്‍’ ചിത്രത്തിന്റെ അപ്‌ഡേറ്റും ഞായറാഴ്ച പിറന്നാൾ ദിനത്തിൽ ഉണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം ഈ ആഴ്ചയോടെ ആരംഭിക്കും. ആശിര്‍വാദ് സിനിമാസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ഹൊംബാലെ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. രജനികാന്തിന്റെ ‘ജയിലര്‍’ എന്ന ചിത്രത്തില്‍ ഒരു ഗംഭീര വേഷത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നുണ്ട്. കാമിയോ റോളിലാണ് താരം ജയിലറില്‍ എത്തുക. മോഹന്‍ലാലും രജനികാന്തും ഒന്നിച്ചുള്ള ഫൈറ്റ് രംഗങ്ങൾ അടക്കം സിനിമയിലുണ്ട് എന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.