ആരാലും തിരിഞ്ഞ് നോക്കാനില്ലാത്തവര്‍ക്ക് ആശ്രയമായി വിനുവും ഭാര്യയും സുഹൃത്തുക്കളും, ആശംസ അറിയിച്ച് മോഹന്‍ലാല്‍

കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ പോരാടുകയാണ് ഏവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങളും വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ്. കോവിഡിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്ന ചില സിനിമ താരങ്ങളുമുണ്ട്. അതിനിടെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവര്‍ക്ക് ആശ്രയമായിരിക്കുകയാണ് നടന്‍ വിനു മോഹനും ഭാര്യ വിദ്യയും.

തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് വിനു മോഹനും ഭാര്യ ദിവ്യയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തെരുേേവാരം എന്ന സന്നദ്ധ സംഘടനയ്ക്ക് ഒപ്പം ചേര്‍ന്നാണ് വിനുവും ഭാര്യയും പ്രവര്‍ത്തിക്കുന്നത്. വിനു മോഹന്റേയും കൂട്ടരുടെയും പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആണ് വിനുവിന്റെയും ഭാര്യയുടെയും പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.

മോഹന്‍ലാലിന്റെ കുറിപ്പ്

‘ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍, ആരാലും തിരിഞ്ഞ് നോക്കാനില്ലാതെ തെരുവുകളില്‍ കഴിയേണ്ടിവരുന്ന ആളുകളുമുണ്ട് നമുക്കിടയില്‍. അവര്‍ക്കൊരു ആശ്രയമായ്, അവരെ ഏറ്റെടുത്ത്, കുളിപ്പിച്ച്, നല്ല വസ്ത്രങ്ങളും ഭക്ഷണവും നല്‍കി, പുതിയ മനുഷ്യരാക്കി മാറ്റുവാന്‍

മുന്‍കൈയെടുത്ത് ഇറങ്ങിയ വിനു മോഹന്‍, ഭാര്യ വിദ്യ, മുരുഗന്‍, അദ്ദേഹത്തിന്റെ തെരുവോരം പ്രവര്‍ത്തകര്‍, എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി ഇതിനോടകം അറുനൂറിലധികം ആളുകളെയാണ് തെരുവുകളില്‍ നിന്ന് കണ്ടെത്താനായത്. അവര്‍ക്കൊരു ആശ്രയമായി, അവരെ സഹായിക്കാനിറങ്ങിയ എന്റെ പ്രിയ കൂട്ടുകാര്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.’

മോഹന്‍ലാലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് വിദ്യ വിനു മോഹനും രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ വിദ്യ സന്തോഷം രേഖപ്പെടുത്തി. ലാലേട്ടന്റെ നല്ല വാക്കുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനവും ഊര്‍ജ്ജവുമാണെന്ന് വിദ്യ കുറിച്ചു.

https://www.facebook.com/ActorMohanlal/photos/a.367995736589462/2914914661897544/?type=3&theater