ദൈവം നമുക്കു കാര്യങ്ങള്‍ സാധിച്ചു തരാനുള്ള ആളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല- മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാൽ അറുപതിന്റെ നിറവിലെത്തിയിരിക്കുകയാണ്. നാളത്തെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. മലയാളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തിയ നടനാണ്.

ഇപ്പോളിതാ അമ്പലത്തിൽ പോകാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. ഞാന്‍ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാന്‍ ആഗ്രഹിക്കുന്ന ആളല്ല. കുറെക്കാലമായി ഗുരുവായൂരില്‍ പോകാത്തതെന്താണെന്നു ഒരു പാടു പേര്‍ ചോദിച്ചപ്പോള്‍ അടുത്ത കാലത്തു ഗുരുവായൂരില്‍ പോയി. ഭക്തി എന്നതു അമ്പലത്തിൽ പോയി പറയേണ്ട കാര്യമാണെന്നു ഞാന്‍ കരുതുന്നില്ല. എന്റെ ഭക്തി എന്റെ മനസ്സില്‍ മാത്രമാണ്. അതിന്റെ സുഖവും വേദനയും ഞാന്‍ അനുഭവിക്കുന്നു. ദൈവം നമുക്കു കാര്യങ്ങള്‍ സാധിച്ചു തരാനുള്ള ആളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.” മോഹന്‍ ലാല്‍ പറയുന്നു

1960 മേയ് 21 നാണ് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി മോഹൻലാൽ ജനിച്ചത്. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ലാണ് മരിക്കുന്നത്. അച്ഛൻ വിശ്വനാഥൻ നായർ 2007ലും മരിച്ചു. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും താരം അടുത്തിടെ ആരംഭിച്ചിരുന്നു

1980ൽ പുറത്തിറങ്ങി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായി എത്തുമ്പോൾ മോഹൻലാലിന് വയസ് 20. തുടർന്നങ്ങോട്ട് മോഹൻലാലിന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. 1983 ൽ ഇരുപത്തിയഞ്ചോളം പടങ്ങളിലാണ് മോഹൻലാൽ അഭിനയിച്ചത്. വില്ലനായി വന്ന ലാൽ പിന്നീട് നായകനായി മാറുന്ന കാഴ്ചയ്ക്കാണ് മലയാളസിനിമ സാക്ഷിയായത്. കുറുമ്പും കുസൃതിയും നിറഞ്ഞ മോഹൻലാൽ കഥാപാത്രങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നതിൽ നന്ദി പറയേണ്ടത് ലാലിന്റെ എക്കാലത്തെയും കൂട്ടുകാരനായ പ്രിയദർശനോടാണ്