സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് ചിത്രങ്ങള്‍ സ്വന്തമാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍, പിടിയിലായത് റെയില്‍വേ ടിക്കറ്റ് ക്ലാര്‍ക്ക്

കോട്ടയം: സോഷ്യല്‍ മീഡിയകള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് ചതിക്കുഴികള്‍ ആണ്. തക്കം പാര്‍ത്തിരുന്ന് സ്ത്രീകളെ വീഴിക്കാനായി പല കഴുകന്മാരും വട്ടമിട്ടു പറക്കുന്നിടമാണ് സോഷ്യല്‍ മീഡിയ. ചില സ്ത്രീകള്‍ക്ക് മാനം പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ഭയത്താല്‍ ഇത് വെളിപ്പെടുത്താനുമാകില്ല. സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്ത റെയില്‍വെ ടിക്കറ്റ് ക്ലാര്‍ക്ക് ആണ് പിടിയില്‍ ആയിരിക്കുന്നത്. കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ ടിക്കറ്റ് ക്ലാര്‍ക്കായ തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണാണ് (അരുണ്‍ സാകേതം33) പിടിയിലായത്.

കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഫേസ്ബുക്ക് ചാറ്റ് വഴിയാണ് വീട്ടമ്മ അരുണുമായി പരിചയപ്പെടുന്നത്. ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്ന തോന്നലില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് അരുണ്‍ പുതിയ ജീവിതം വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ കൈക്കലാക്കി. പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തുടരെ ആവശ്യപ്പെട്ടു. ഇതോടെ ഭയപ്പെട്ട വീട്ടമ്മ ലക്ഷക്കണക്കിന് രൂപയാണ് അരുണിന് നല്‍കിയത്.

അരുണിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ മൂന്ന് പ്രാവശ്യം ജീവന്‍ ഒടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഡി വൈ എസ് പിക്ക് വീട്ടമ്മ പരാതി നല്‍കി. ജില്ല പോലീസ് മേധാവി ജി ജയ്‌ദേവിന്റെ നേതൃത്വത്തില്‍ അരുണിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറില്‍ എത്തുന്ന പെണ്‍കുട്ടികളുടെ നമ്പര്‍ റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നിന്നും അരുണ്‍ കൈക്കലാക്കും. തുടര്‍ന്ന് ഇയാള്‍ ചാറ്റിലൂടെയും മറ്റും യുവതികളെ കുടുക്കും. പിന്നീട് പണം തട്ടുകയായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. നമ്പര്‍ കൈക്കലാക്കിയ ശേഷം റിസര്‍വേഷന്റെയും മറ്റും കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് ആദ്യം ബന്ധപ്പെടുക. തുടര്‍ന്ന് ഇവരുമായി പരിചയം സ്ഥാപിക്കും. പിന്നീട് അടുക്കുകയും പണം തട്ടുകയും ചെയ്യും.

അരുണ്‍ ഒരുക്കിയ വലയില്‍ ഇരുപത്തി അഞ്ചോളം യുവതികള്‍ കുടുങ്ങിയെന്ന് ഇയാളുടെ ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പരിശോധിച്ച പോലിസിന് വ്യക്തമായി. പലരും സംഭവം പുറത്ത് പറയാത്തത് നാണക്കേടിനെ തുടര്‍ന്നാണെന്നും പോലീസ് പറയുന്നു.