വ്യാജ പദ്ധതിയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് തട്ടിപ്പ്; മൂന്ന് ദിവസം കൊണ്ട് പിരിച്ചെടുത്തത് ഒരു കോടി, നോട്ടെണ്ണൽ യന്ത്രം ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തു

മലപ്പുറം: വ്യാജ പദ്ധതിയുടെ പേരിൽ അരക്കോടിയോളം രൂപ തട്ടിയ സംഘം അറസ്റ്റിൽ. അങ്ങാടിപ്പുറം രാമപുരം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി അബ്ദുൾ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസ്സൈൻ, പാലക്കാട് അലനല്ലൂർ സ്വദേശി ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേരിയിൽ ഇവരുടെ പക്കൽ നിന്നും രേഖകൾ ഇല്ലാത്ത 58.5 ലക്ഷം രൂപ പോലീസ് കണ്ടെത്തി. ഇതിന് പുറമെ മൊബൈൽ ഫോണുകൾ, നോട്ടെണ്ണൽ യന്ത്രം, രസീത് ബുക്കുകൾ, മുദ്രപത്രങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

‘ഉസ്താദ്മാർക്കൊരു വീട്’ എന്ന പദ്ധതിയിൽ വീട് നിർമ്മിച്ച് നൽകാമെന്ന് നൽകിയാണ് സംഘം ആളുകളിൽ നിന്നും പണം സ്വീകരിച്ചത്. പണം പിരിക്കുന്നതിനായി മുട്ടിപ്പാലത്ത് ഡിവൈൻ ഹാൻഡ് എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റും ഇവർ രൂപീകരിച്ചിരുന്നു. ഉസ്ദാദ്മാർക്കൊരു വീടെന്ന പേരിൽ ഒരു സംഘം പണം പിരിക്കുന്നതായി ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പിന്നാലെ പോലീസ് സംഘം ഇവരുടെ ചാരിറ്റി സ്ഥാനത്തിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇതിലാണ് പണം കണ്ടെത്തിയത്. വെറും മൂന്ന് ദിവസം കൊണ്ട് 93 പേരിൽ നിന്നായി ഇവർ 1,18, 58000 രൂപയാണ് പിരിച്ചെടുത്തത് എന്നാണ് വിവരം.