കട്ട മീശക്കാരൻ വിനീതിനെതിരെ വീട്ടമ്മ, സ്വകാര്യദൃശ്യം പകർത്തി, ഭീഷണിപ്പെടുത്തി

കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ടിക്ടോക് താരം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ചിറയിൻകീഴ് സ്വദേശി വിനീത് ആണ് അറസ്റ്റിലായത്. കാറ് വാങ്ങിക്കാൻ കൂടെ വരണമെന്ന് പെൺകുട്ടിയോട് വിനീത് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. നിരവധി പെൺകുട്ടികളാണ് ഇയാളുടെ ചതിക്കുഴിയിൽ വീണത്.

ഇപ്പോളിതാ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ പോലീസിന് ലഭിച്ചിരിക്കുകയാണ്. ഇയാൾ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ് വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരേ കൂടുതൽ പരാതികൾ വരുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയിൽ ഐഡിയുടെയും ഇൻസ്റ്റഗ്രാം ഐഡിയുടെയും പാസ് വേർഡുകൾ ഇയാൾ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവർ പിന്നീട് വിനീതിന്റെ ഫോൺകോളുകൾ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയിൽനിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

വിനീത് മർദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാർഥിനികൾ പോലീസിനെ ഫോണിൽവിളിച്ച് പരാതിപ്പെട്ടിരുന്നു. ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും ഇയാൾ മർദിച്ചെന്നാണ് വിദ്യാർഥിനികൾ പറഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവരുമായും വിനീത് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മോശമായി പെരുമാറാൻ തുടങ്ങിയതോടെ പലരും സൗഹൃദത്തിൽനിന്ന് പിന്മാറി. ഫോൺ എടുക്കാനും തയ്യാറായില്ല. ഇതിന്റെ പേരിൽ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

വിനീത് അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾക്കെതിരേ ഇനിയും പരാതികൾ വരുമെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കെതിരേ നേരത്തെ കന്റോൺമെന്റ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിനും കിളിമാനൂരിൽ അടിപിടിയുണ്ടാക്കിയതിനും കേസുകളുണ്ടായിരുന്നു.

ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെയാണു (25) കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ടിക് ടോക് വീഡിയോകൾ ചെയ്യുന്ന വിനീതിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരവധി പേരാണ് പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിലെ അക്കൗണ്ട് വഴിയാണ് ഇയാൾ കൊല്ലം സ്വദേശിയുമായി ചങ്ങാത്തത്തിലായത്. ടിക് ടോക്കിൽ വൈറൽ ആകാനുളള ടിപ്സ് പറഞ്ഞ് തരാമെന്ന് പറഞ്ഞാണ് ചാറ്റുകൾ ആരംഭിച്ചത്.

തുടർന്ന് ഇയാൾ വീഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തുകയും തമ്പാനൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിയുടെ ഫോണിൽ നിന്ന് പെൺകുട്ടിയുമായി നിരവധി തവണ ചാറ്റ് ചെയ്തതിൻറെ തെളിവുകൾ പൊലീസ് കണ്ടെടുത്തു.