പ്രളയത്തിനിടെ കനാലിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; അമ്മയും മകളും മുങ്ങിമരിച്ചു

പ്രളയത്തിനിടെ കനാലിന് സമീപം നിന്ന് സെല്‍ഫിയെടുത്ത അമ്മയും മകളും മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്ദ്‌സൗറിലാണ് സംഭവം. ബിന്ദു ഗുപ്ത(48), അശ്രിതി (22) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തുള്ള വെള്ളക്കെട്ട് കാണാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു മാന്ദ്‌സൗറിലെ സര്‍ക്കാര്‍ കോളേജിലെ പ്രൊഫസറായ ആര്‍ ഡി ഗുപ്തയും ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും. വെള്ളം നിറഞ്ഞൊഴുകുന്ന കനാലിന് സമീപത്തുനിന്ന് കുടുംബത്തോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ കൈവരിയുടെ ഒരുഭാഗം തകര്‍ന്ന് അമ്മയും മകളും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തി.

39 പേരാണ് ഇതുവരെ സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴ് പേരാണ് ഇവിടെ മരിച്ചത്. 3000 പേരെ താമസസ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും മാന്ദ്‌സൗര്‍ എസ് പി പറഞ്ഞു.