പശു കുത്താനോടിച്ചു, ഭയന്നോടി കിണറ്റിൽ വീണ് അമ്മയും കുഞ്ഞും

പത്തനംതിട്ട : പശു കുത്താനോടിച്ചതിനെ തുടർന്ന് ഭയന്നോടി കിണറ്റിൽ വീണ് അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു. പെരിങ്ങനാട് കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) ഒരു വയസ്സുകാരൻ മകൻ വൈഷ്ണവ് എന്നിവരാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ഇരുവരെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു രക്ഷപ്പെടുത്തി.

ഇവർ വീണ കിണറ്റിൽ വെള്ളമില്ലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11.30ന് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. തീറ്റ തിന്നുകയായിരുന്ന പശു ഇവരുടെ അടുത്തേക്ക് കുത്താനായി പാഞ്ഞടുത്തു. ഭയന്ന് ഓടുന്നതിനിടെ മുകൾഭാഗം ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ച കിണറ്റിൽ വീഴുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നുമുണ്ടായില്ല. സ്റ്റേഷൻ ഓഫിസർ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.