സൗജന്യ ഭക്ഷണത്തിനായി പകല്‍ അമ്മയും മകനും കറങ്ങും, രാത്രി കടവരാന്തകളില്‍ ഉറക്കം; ആരെയും വേദനപ്പിക്കുന്ന ജീവിതം

പകല്‍ മുഴുവന്‍ ബൈക്കില്‍ ചുറ്റിത്തിരിയുന്ന അമ്മയും മകനും. രാത്രി കെട്ടിടങ്ങളുടെ മുകള്‍ നിലയിലെ വരാന്തകളിലോ ഒഴിഞ്ഞ മുറികളിലോ ഉറക്കം. ഇരിങ്ങോള്‍ കുഴിപ്പിള്ളി (എടപ്പിള്ളിക്കുടി) പരേതനായ കെ.ജി.നീലകണ്ഠപ്പിള്ളയുടെ മകള്‍ തങ്കമണിയും (51) മകന്‍ വിനീതും (26) ആണ് 2 വര്‍ഷമായി ദുരിത ജീവിതം നയിക്കുന്നത്. ആരാധനാലയങ്ങളില്‍ അടക്കം ലഭിക്കുന്ന സൗജന്യ ഭക്ഷണമാണ് ഇവരുടെ ആശ്രയം. ആഹാരം കിട്ടുന്ന സ്ഥലങ്ങളില്‍ എത്തിപ്പെടാനാണ് ബൈക്ക്. ആരെങ്കിലും സഹായിക്കുന്നതു കൊണ്ടാണ് ഇന്ധനം അടിക്കുന്നത്.

വിമുക്തഭടനും വിഷവൈദ്യനും നിലത്തെഴുത്താശാനും ആയിരുന്നു നീലകണ്ഠപ്പിള്ള. നഗരസഭാ പരിധിയിലുള്ള ഇരിങ്ങോളില്‍ 3.5 ഏക്കര്‍ സ്ഥലം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇവിടെ നെല്‍കൃഷിയും മറ്റു കൃഷികളുമുണ്ടായിരുന്നു. വീടും തൊഴുത്തുമൊക്കെയുള്ള പറമ്പായിരുന്നു ഇത്. 3 പെണ്‍മക്കളില്‍ ഇളയതാണ് തങ്കമണി. മൂത്ത സഹോദരിമാര്‍ അകാലത്തില്‍ മരിച്ചു. തങ്കമണിയുടെ ഭര്‍ത്താവ് സോമശേഖരന്‍ നായര്‍ അപകടത്തിലും മൂത്ത മകന്‍ വിബീഷ് രോഗ ബാധിതനായും മരിച്ചു.കണ്ണായ സ്ഥലം പ്രതീക്ഷിച്ച വില ലഭിക്കാതെ വില്‍ക്കേണ്ടി വന്നതായി ഇവര്‍ പറയുന്നു. വിറ്റു കിട്ടിയ പണം കൊണ്ട് സ്ഥലവും വീടും വാങ്ങിയെങ്കിലും അതും വില്‍ക്കേണ്ടി വന്നു. അച്ഛന്റെ മരണ ശേഷം വാടക വീടുകളിലായി താമസം. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ തെരുവിലായി ജീവിതം.

ലോക്ഡൗണ്‍ വന്നതോടെ സമൂഹ അടുക്കളകളില്‍ നിന്നു ഭക്ഷണം വാങ്ങും. പരിചയമുള്ളവര്‍ വസ്ത്രങ്ങളും മറ്റും നല്‍കി സഹായിക്കും. പ്രായമായ അമ്മയെ സുരക്ഷിതമായി താമസിപ്പിച്ചിട്ടു വേണം മകനു ജോലിക്കു പോകാന്‍. കടത്തിണ്ണകളില്‍ ഇരുത്തി എങ്ങനെ സമാധാനമായി പോകാന്‍ കഴിയുമെന്നാണ് ഈ മകന്റെ ചോദ്യം. 427 മാര്‍ക്കു വാങ്ങി എസ്എസ്എല്‍സി പാസായ വിനീതിനു പിന്നെ പഠിക്കാനായിട്ടില്ല.