ബിജെപി വിട്ട് മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും. തന്റെ മകന്‍ ശുഭാന്‍ഷുവിനോടൊപ്പം അദ്ദേഹം കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനമായ തൃണമൂല്‍ ഭവനിലെത്തി. ബി ജെ പിയില്‍ താന്‍ വീര്‍പ്പുമുട്ടുകയായിരുന്നുവെന്ന് മുകുള്‍ റോയ് പറഞ്ഞതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. നിലവില്‍ ബി ജെ പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുള്‍ റോയ്.

ബി ജെ പിയുടെ രാഷ്ട്രീയ സംസ്‌കാരവും ആശയങ്ങളും ബംഗാളിനു യോജിച്ചതല്ലെന്നും എക്കാലവും ‘അപരിചിതമായി’ തുടരുമെന്നുമാണ് മുകുള്‍ റോയിയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് അടുത്ത അനുയായികള്‍ സൂചിപ്പിക്കുന്നത്. മമതയെ പോലെ ജനങ്ങളുടെ പള്‍സ് അറിയുന്ന മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പറയുന്നു.

തൃണമൂല്‍ വിട്ട് ആദ്യം ബി ജെ പിയിലേക്ക് ചാടിയ നേതാവാണ് മുകുള്‍ റോയ്. അതിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ വീണ്ടും അധികാരം പിടിച്ചതോടെ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് പല നേതാക്കളും.