
മലപ്പുറം: മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം പോക്‌സോ കേസിൽ അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാടാണ് സംഭവം. പാണ്ടിക്കാട് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനിൽ കുമാറാണ് പിടിയിലായത്. ഇയാൾ 13 വയസുകാരിയെ ശല്യം ചെയ്യുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം ആലുവയിൽ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റം ചുമത്തി. കേസിലെ ഏക പ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിനെതിരെയാണ് എറണാകുളം പോക്‌സോ കോടതി കുറ്റം ചുമത്തിയത്. കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. വിചാരണ നടപടി ഒക്ടോബർ നാലിന് ആരംഭിക്കും.
കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെ ചില കുറ്റങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചു. ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുമൂലം കുട്ടി മരിച്ചുവെന്നത് തെളിയിക്കാൻ ഡോക്ടറുടെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് പകരം, ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കുറ്റത്തിനാവും വിചാരണ നടത്തുക.
ആകെ 99 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിക്കുക. ഒക്ടോബർ നാലിന് പ്രധാന സാക്ഷികളായ കുട്ടിയുടെ മാതാപിതാക്കളെയാവും വിസ്തരിക്കുക. ഒക്ടോബർ നാലുമുതൽ 18 വരെയാകും വിചാരണ.